യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്നത് തടയാന്‍ മഹായജ്ഞം വേണം: മന്ത്രി
തിരുവനന്തപുരം: ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്ന് യുവതലമുറയെ രക്ഷിച്ചു നിര്‍ത്താന്‍ മഹായജ്ഞം വേണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ രൗദ്രഭാവമാണ് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെന്നും മന്ത്രി പറഞ്ഞു.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളെ മാനസിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന നിരവധി സാഹചര്യങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്‌നങ്ങള്‍ പ്രായോഗികമായി കൈകാര്യം ചെയ്യുന്നതിനുള്ള പൊതു സാമൂഹികബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരോടു മനശാസ്ത്രപരമായ സമീപനമാണു വേണ്ടത്. മരുന്നിനൊപ്പം ജീവകാരുണ്യ ബോധത്തോടെയുള്ള സമീപനമാണ് ഇവരുടെ പരിചരണത്തില്‍ ആവശ്യം. മാനസികവും ശാരീരകവുമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങാകാന്‍ സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
മാനസികാരോഗ്യ കേന്ദ്രത്തിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ബിന്ദു മോഹന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ശാന്ത, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) ഡോ. ടി.എസ് ജയന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ടി. സാഗര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."