അക്ഷരമുറ്റത്ത് പുഞ്ചിരിപ്പൂക്കള്‍ വിടര്‍ന്നു കെങ്കേമമായി പ്രവേശനോത്സവം
കാസര്‍കോട്: ആദ്യാക്ഷരം തേടിയെത്തിയ കുരുന്നുകള്‍ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി ജില്ലയില്‍ പ്രവേശനോത്സവം. ജില്ലയിലെ 517 സ്‌കൂളുകളിലാണു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വര്‍ണശബളമായ ഘോഷയാത്രകളും വിവിധ ആഘോഷങ്ങളുമായി വിദ്യാര്‍ഥികള്‍ക്ക് സ്വീകരണമൊരുക്കിയത്. പുതുതായെത്തുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥികളും മറ്റു കുട്ടികളും വിവിധ വേഷങ്ങളില്‍ ഘോഷയാത്രയില്‍ അണിനിരന്നപ്പോള്‍ ഒരു നാടിന്റെ കൂട്ടായ്മയുടെ വിജയത്തിനാണ് സാക്ഷ്യം വഹിച്ചത്. എസ്.എസ്.എയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുമ്പള പഞ്ചായത്തിലെ പേരാല്‍ ജി.ജെ.ബി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പ്രവേശനോത്സവം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ സ്‌കൂള്‍ എന്ന നിലയിലാണ് ജി.ജെ.ബി സ്‌കൂളിനെ ജില്ലാതല പ്രവേശനോത്സവത്തിന്റെ വേദിയായി തിരഞ്ഞെടുത്തത്. ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു കുട്ടികള്‍ക്കുള്ള വൃക്ഷത്തൈകളും പഠനോപകരണങ്ങള്‍ ഡി.ഇ.ഒ ഇന്‍ചാര്‍ജ് നാഗവേണിയും പാഠപുസ്തകങ്ങള്‍ ഡി.എഫ്.ഒ വേണുഗോപാലും ഭക്ഷണപാത്രം കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷയും യൂനിഫോം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ ആരീഫും കുട്ടികള്‍ക്കുള്ള കസേരകള്‍ വി.പി അബ്ദുള്‍ ഖാദര്‍ ഹാജിയും വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം ആര്‍.കെ കൗവായി അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം ജനാര്‍ദന, കുമ്പള എ.ഇ.ഒ കൈലാസ മൂര്‍ത്തി, കുമ്പള ബി.പി.ഒ എന്‍. കുഞ്ഞികൃഷ്ണന്‍, സ്‌കുള്‍ പ്രധാനധ്യപിക സി.എം രാജേശ്വര, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്‌കുമാര്‍, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പേരാല്‍ സംസാരിച്ചു.
ചെറുവത്തൂര്‍ ഉപജില്ല പ്രവേശനോത്സവം കൊടക്കാട് ഗവ. വെല്‍ഫെയര്‍ യു.പി സ്‌കൂളില്‍ എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ അധ്യക്ഷനായി. എല്‍.എസ്.എസ് വിജയികള്‍ക്ക് എ.ഇ.ഒ സദാനന്ദന്‍ ഉപഹാരം നല്‍കി.
തൃക്കരിപ്പൂര്‍: റവന്യു ജില്ലയില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ഒന്നാം സ്ഥാനക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്‌കൂളില്‍ ഇത്തവണ കുരുന്നുകള്‍ 210 പേര്‍ ഒന്നാം തരത്തില്‍ പ്രവേശനം നേടി. തൊപ്പിയും ബലൂണും ചൂടിയ ഒന്നാം ക്ലാസുകാരെ സ്വീകരിക്കാന്‍ ചലചിത്ര താരം അനുമോള്‍ എത്തിയിരുന്നു.
നീലേശ്വരം:ചിറ്റാരിക്കാല്‍ ഉപജില്ലാ പ്രവേശനോത്സവം കുമ്പളപ്പള്ളി എസ്.കെ.ജി.എം. എ.യു.പി സ്‌കൂളില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല അധ്യക്ഷയായി.
കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന റോട്ടറി സ്‌പെഷല്‍ ബഡ്‌സ് സ്‌കൂള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂള്‍ തുടങ്ങിയ ഇടങ്ങളിലും പ്രവേശനോത്സവം ആവേശകരമായി നടന്നു. ഹൊസ്ദുര്‍ഗ് ഉപജില്ലാ തലത്തിലുള്ള പ്രവേശനോത്സവം നീലേശ്വരം ജി.എല്‍.പി സ്‌കൂളില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ അധ്യക്ഷനായി. പ്രധാനധ്യാപിക എം.എസ് ശ്രീദേവി, പി.പി മുഹമ്മദ് റാഫി, പി.വി രാധാകൃഷ്ണന്‍, എ.ഇ.ഒ കെ.വി പുഷ്പ എന്നിവര്‍ സംസാരിച്ചു.
പെരിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സര്‍ജിനി കൃഷ്ണന്‍ അധ്യക്ഷയായി. പ്രിന്‍സിപ്പാള്‍ കുമാരന്‍, പി. ഗംഗാധരന്‍ നായര്‍, ബാലചന്ദ്രന്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് നഗരസഭാതല പ്രവേശനോത്സവം ബല്ല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി കമ്മിറ്റി ചെയര്‍മാന്‍ മഹമ്മൂദ് മുറിയനാവി, കെ. സാവിത്രി, അജയകുമാര്‍ നെല്ലിക്കാട്ട്, കെ.വി രതീഷ്, കെ. ലത, കെ.ആര്‍ മധുസൂദനന്‍, അഡ്വ.വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.
ആനന്ദാശ്രമം റോട്ടറി സ്‌പെഷല്‍ സ്‌കൂളില്‍ പ്രവേശനോത്സവ ചടങ്ങില്‍ നവാഗതരെ ബാന്റ് മേളത്തോടെ സ്‌കൂളിലേക്കു വരവേറ്റു. പി.ടി.എ പ്രസിഡന്റ് ടി. മുഹമ്മദ് അസ്‌ലം അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ബീനാ സുകു, സ്റ്റാഫ് സെക്രട്ടറി പി. പ്രീതി, ആര്‍. ഷൈന, ടി. സന്ധ്യ എന്നിവര്‍ സംസാരിച്ചു.
അരയി സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി 'മുത്തശ്ശിയെത്തി'. ഒരാള്‍ പൊക്കത്തില്‍ കാര്‍ഡ് ബോര്‍ഡും പേപ്പര്‍ പള്‍പ്പും കൊണ്ട് നിര്‍മിച്ച മുത്തശ്ശിയുടെ ശില്‍പമായിരുന്നു പ്രവേശനോത്സവത്തിലെ മുഖ്യ ആകര്‍ഷണം. നഗരസഭ കൗണ്‍സലര്‍ സി.കെ വത്സലന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. രാജന്‍ അധ്യക്ഷനായി.
പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ. അമ്പാടി, എസ്. ജഗദീശന്‍, കെ.വി സൈജു, പ്രകാശന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. എല്‍.എസ്.എസ് വിജയി പി. കൃഷ്ണജയെ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."