ഹോങ്കോങ്ങില്‍ പ്രക്ഷോഭത്തിനിടെ ചൈനീസ് പതാക കടലിലെറിഞ്ഞു; ആളെക്കുറിച്ച് വിവരം നല്‍കിയാല്‍ 10 ലക്ഷം പ്രതിഫലം
സെന്‍ട്രല്‍(ഹോങ്കോങ്): കലാപ പൊലിസിന്റെ കണ്ണീര്‍വാതക പ്രയോഗത്തെയും അറസ്റ്റ് ഭീഷണിയും ചൈനയുടെ മുന്നറിയിപ്പും വകവയ്ക്കാതെ ഹോങ്കോങിലെ ജനകീയ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. കഴിഞ്ഞ ദിവസം പൊലിസ് മുന്‍കൂട്ടി അംഗീകാരം നല്‍കിയ പ്രദേശത്തിലൂടെ മാത്രമേ പ്രതിഷേധ പ്രകടനവുമായി പോകാവൂ എന്ന കര്‍ശന നിര്‍ദേശമവഗണിച്ച് മുന്നേറിയ സമരക്കാര്‍ ചൈനീസ് ദേശീയ പതാക പറിച്ചെടുത്ത് പുഴയിലെറിഞ്ഞത് ചൈനയെ ഞെട്ടിച്ചിട്ടുണ്ട്. അതു ചെയ്തയാളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഹോങ്കോങ് ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. കറുത്ത വസ്ത്രമണിഞ്ഞ മുഖം മറച്ച യുവാവ് ഇത് ചെയ്യുന്നതിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. പതാക വിക്ടോറിയ തുറമുഖത്തെറിഞ്ഞ സംഭവത്തെ ചൈനയുടെ ഹോങ്കോങ്ങ് കാര്യ ഓഫിസ് അപലപിച്ചു.
മഞ്ഞയും വെള്ളയും തൊപ്പികള്‍ ധരിച്ച് മുഖം മറച്ച പ്രക്ഷോഭകാരികള്‍ 'ഇത് വിപ്ലവകാല'മെന്ന മുദ്രാവാക്യവുമായാണ് തെരുവുകള്‍ കീഴടക്കുന്നത്. ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ലിനെതിരേ രണ്ട് മാസം മുമ്പ് തുടങ്ങിയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജീവനക്കാരും എത്തിയതോടെ സമരം പുതിയ തലത്തിലെത്തിയിരിക്കുകയാണ്. ഇന്ന് ബഹുജന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നേരത്തെ ചൈനീസ് ഓഫിസുകളും വ്യാപാരസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. മുന്‍ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങ്ങിനു മേല്‍ 22 വര്‍ഷമായി പരമാധികാരം വഹിക്കുന്ന ചൈനയ്ക്ക് ശക്തമായ വെല്ലുവിളിയാവുകയാണ് ഈ പ്രക്ഷോഭം. കൂടുതലും ചെറുപ്പക്കാരാണ് പ്രതിഷേധ മുഖത്ത് അണിനിരക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ ഇഷ്ടിക കൂറ്റന്‍ കവണ ഉപയോഗിച്ച് പൊലിസിനു നേരെ തൊടുക്കുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."