പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ എട്ടുലക്ഷം വൃക്ഷത്തൈകള്‍ നടും
ആലപ്പുഴ: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേര്‍ന്ന്് എട്ടുലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് ജില്ലാ സാമൂഹിക വനവല്‍ക്കരണ ഓഫിസര്‍ വി.ആര്‍. ജയകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
ചേര്‍ത്തല, മാവേലിക്കര, പുന്നപ്ര എന്നിവിടങ്ങളിലുള്ള വകുപ്പിന്റെ നഴ്‌സറികളില്‍ വിതരണത്തിനുള്ള തൈകള്‍ സജ്ജമായിട്ടുണ്ട്.
പ്ലാവ്, മാവ്, ആഞ്ഞിലി, കുടംപുളി, നെല്ലി, ചാമ്പ, ആത്ത, ലക്ഷ്മിതരു, മന്ദാരം, പേര, തേക്ക് എന്നിവയുടെ തൈകളാണ് ഇക്കുറി വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് തൈകള്‍ നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവ വഴി തൈകള്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏഴുലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. വഴിയോര തണല്‍ പദ്ധതി പ്രകാരം തുറവൂര്‍ ചെങ്ങരം റോഡില്‍ 515 തൈകള്‍ വച്ചുപടിപ്പിച്ച് സംരക്ഷിച്ചു വരുന്നു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത്, ആലപ്പുഴ രൂപത സൊസൈറ്റി, ഗ്രീന്‍ വെയ്ന്‍ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ 20,000 കണ്ടല്‍ ചെടികള്‍ നട്ടുപരിപാലിച്ചു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയില്‍ ആകെയുള്ള കണ്ടല്‍ വിസ്തൃതി തിട്ടപ്പെടുത്തി സ്റ്റോക് മാഫിങ് നടത്തിവരികയാണ്. ഗ്രീന്‍ ഇന്ത്യ മിഷന്‍ പ്രകാരം ഓരോ വികസന ബ്ലോക്കിലും ഒന്ന് എന്ന ക്രമത്തില്‍ 12 ഗ്രാമഹരിത സമിതികള്‍ രൂപീകരിച്ച് അതത് പ്രദേശത്തിന്റെ പ്രത്യേകതക്ക് അനുസൃതമായി ജനപങ്കാളിത്തത്തോടെ വനവല്‍ക്കരണം നടത്തുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി. നവകേരള മിഷന്‍ പദ്ധതിയില്‍ പുന്നപ്രയിലെ കുറവന്‍ തോട്ടിലെ കുളം വൃത്തിയാക്കി സംരക്ഷിക്കുന്നുണ്ടെന്നു ജയകൃഷ്ണന്‍ പറഞ്ഞു.
കാവ് സംരക്ഷണ പദ്ധതി പ്രകാരം പുതുതായി എട്ടു കാവുകള്‍ക്കും നേരത്തെയുള്ള 16 കാവുകള്‍ക്കുമായി 5.4 ലക്ഷം രൂപ ഇക്കാലയളവില്‍ വിതരണം ചെയ്തു. സ്വകാര്യ സ്ഥലത്ത് വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നവര്‍ക്കുള്ള പ്രോത്സാഹന സഹായധനമായി 20 പേര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ മികച്ച നിലയില്‍ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാധാകൃഷ്ണന് 25,000 രൂപ പ്രോത്സാഹന സഹായധനമായി നല്‍കി.
നാട്ടാന പരിപാലന നിയമം കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം വന്യജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച പരാതികളില്‍ ഉടന്‍ നടപടി സ്വീകരിച്ചു.
ആദിവാസി വനസംരക്ഷണ സമതികള്‍ ശേഖരിക്കുന്ന വനോല്‍പന്നങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി സോഷ്യല്‍ ഫോറസ്ട്രി ഓഫിസില്‍ ഒരു ഇക്കോ ഷോപ്പ് തുറന്ന് പ്രവര്‍ത്തനം തുടങ്ങിയതായും ജയകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."