കോണ്‍ഗ്രസിനുവേണ്ടി അടിമയെപ്പോലെ ജോലി ചെയ്‌തെന്ന് കുമാരസ്വാമി
ബംഗളൂരു: കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ ഭരിച്ച 14 മാസം താന്‍ കോണ്‍ഗ്രസിനുവേണ്ടി അടിമയെ പോലെ ജോലി ചെയ്തുവെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. എന്നാല്‍ ഒരാള്‍ പോലും തന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചില്ല. എന്തിനാണ് അവര്‍ എന്നെ കുറ്റപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാര്‍ തന്നെ സമീപിച്ചാല്‍ വളരെ വേഗത്തില്‍ അവരുടെ ആവശ്യം പരിഹരിക്കും. എല്ലാ മണ്ഡലങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കിയത്.
മുന്‍കൂര്‍ അനുമതി വാങ്ങാതെ പോലും പലരും തന്നെ കണ്ടിരുന്നു. മണ്ഡലത്തിലെ ഏത് വികസന കാര്യത്തിലും താന്‍ അവരെ പിന്തുണച്ചു. വളരെ വേഗം തീരുമാനമെടുത്തു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിക്കാത്തത് പോലും താന്‍ മുഖ്യമന്ത്രിയായ 14 മാസത്തിനിടെ നേടിയെടുത്തുവെന്നും കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രി പദവി ഒഴിഞ്ഞെങ്കിലും താന്‍ ഇപ്പോഴും സന്തോഷവാനാണ്. ആരും അഭിനന്ദിച്ചില്ല എന്നാലോചിക്കുമ്പോള്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാദൃച്ഛികമായിട്ടാണ് മുഖ്യമന്ത്രിയായത്. ഇന്നത്തെ രാഷ്ട്രീയം നല്ല വ്യക്തികള്‍ക്കുള്ളതല്ല. ജാതീയതയും വിദ്വേഷ രാഷ്ട്രീയവുമാണ് ഇപ്പോഴെന്നും കുമാരസ്വാമി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."