എന്നും കൈകോര്‍ക്കാന്‍ എന്തിന് മടിച്ചുനില്‍ക്കണം
വീണ്ടുമൊരു പ്രളയത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണു കേരളം. ഒരു വര്‍ഷം മുന്‍പുണ്ടായ പ്രളയത്തിന്റെ നടുക്കവും ആഘാതവും മാറും മുന്‍പാണ് അതേ ഭീകരതയോടെയും വ്യാപ്തിയോടെയും പ്രളയം നമ്മുടെ നാടിനെ പരീക്ഷിക്കാനെത്തിയിരിക്കുന്നത്. എങ്കിലും, ഭീകരമായ ഈ ദുരന്തത്തിനും ദുരിതത്തിനുമിടയിലും ആശ്വാസം നല്‍കുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞതവണത്തെപ്പോലെ, കൈമെയ് മറന്നു പ്രളയത്തെ നേരിടുന്നതില്‍ കേരളജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങിക്കഴിഞ്ഞു.
സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അഭിപ്രായഭിന്നതകളും രാഷ്ട്രീയവും മാറ്റിവച്ചു പ്രതിപക്ഷമുള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ നല്‍കിക്കഴിഞ്ഞു. ദുരന്തത്തില്‍നിന്നു കേരളത്തെ കൈപ്പിടിച്ചുയര്‍ത്തുകയാണു ലക്ഷ്യം. ആ ലക്ഷ്യം ഒരിക്കല്‍ നാം കൈവരിച്ചതാണ്. ഇനിയും മറ്റൊരു 'ഐക്യകേരളം' നമ്മെ ഈ പ്രളയത്തില്‍നിന്നു കരകയറ്റുമെന്നുറപ്പാണ്.
ആ ദൗത്യത്തിനായിരിക്കണം കേരളജനതയുടെ ഇനിയുള്ള ഓരോ പ്രവര്‍ത്തനങ്ങളും, അങ്ങനെയാണിപ്പോഴുള്ളത്. സമൂഹമാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോം ദുരിതാശ്വാസ ഏകോപനത്തിന്റെ കണ്‍ട്രോള്‍ റൂമുകളായി മാറിയിട്ടുണ്ട്. മാധ്യമഡെസ്‌കുകളും ന്യൂസ് റൂമുകളും രക്ഷാദൗത്യം ഏറ്റെടുത്തുകഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഊണും ഉറക്കുമൊഴിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. സൈന്യമുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരുടെ കര്‍മങ്ങളും കര്‍ത്തവ്യങ്ങളും വിലമതിക്കാനാകാത്തതാണ്.
കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ കേരളത്തിന്റെ സൈന്യമായി അറിയപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഇത്തവണയും നിതാന്തജാഗ്രതയോടെ രംഗത്തുണ്ട്. കോഴിക്കോട് നൈ നാംവളപ്പിലെ മത്സ്യത്തൊഴിലാളികളെ കഴിഞ്ഞദിവസം അര്‍ധരാത്രിയാണു ജില്ലാഭരണകൂടം വിളിച്ചുവരുത്തിയത്. ഉടന്‍ രണ്ടു വലിയ ലോറികളില്‍ ഫൈബര്‍ വള്ളങ്ങളുമായി 14 അംഗ സംഘം ഇന്നലെ പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനത്തിനായി തിരിക്കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷത്തെ പ്രളയശേഷം മത്സ്യത്തൊഴിലാളികള്‍ക്കു പല വാഗ്ദാനങ്ങളും സര്‍ക്കാര്‍ നല്‍കിയിരുന്നു. അവയില്‍ പലതും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് അവരെ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനായി വിളിക്കുന്നതെന്നത് ഓര്‍ക്കണം. പക്ഷേ, ആ മനുഷ്യസ്‌നേഹികള്‍ അത്തരമൊരു ചോദ്യമുന്നയിച്ചില്ല, പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തില്ല. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ട സമയമല്ലിതെന്ന് അവര്‍ക്കറിയാം.
അവരതു പറഞ്ഞില്ലെങ്കിലും അക്കാര്യം ഓര്‍മിപ്പിക്കാതെ വയ്യ. പാലം കടക്കുവോളം മാത്രം പോരാ നാരായണ. പക്ഷേ ദുരന്തത്തില്‍ നിന്നു കരകയറിയാല്‍ രക്ഷാപ്രവര്‍ത്തകരെ സൗകര്യപൂര്‍വം മറക്കുന്നതു നല്ല സംസ്‌കാരത്തിനു ചേര്‍ന്നതല്ല.
മനുഷ്യനിര്‍മിത പ്രളയമെന്ന പഴി കേട്ടതാണു കഴിഞ്ഞ വര്‍ഷത്തെ പ്രളയം. ഒഴിവാക്കാമായിരുന്ന ദുരന്തങ്ങളും ദുരിതങ്ങളും അധികാരസ്ഥാനത്തിരിക്കുന്നവരുടെ ആലോചനയില്ലാത്ത നടപടികളിലൂടെ ക്ഷണിച്ചുവരുത്തിയതിന്റെ പേരിലാണ് അത്തരമൊരു ചീത്തപ്പേരുണ്ടായത്. ഇത്തവണ അങ്ങനയൊരു ചീത്തപ്പേരുണ്ടാകുമെന്ന അവസ്ഥയില്ല. സര്‍ക്കാരും ഉദ്യോഗസ്ഥവൃന്ദവും ഇത്തവണ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്.
തുടക്കത്തില്‍ത്തന്നെ സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായം തേടി. ഒരു പ്രളയം നേരിട്ട പരിചയം ഉദ്യോഗസ്ഥരിലും കാണാനായി. മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ രംഗത്തുണ്ട്. കാലാവസ്ഥാവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കുള്ള സാങ്കേതികപരിമിതികള്‍ നികത്താന്‍ സ്വകാര്യ കാലാവസ്ഥാ ഏജന്‍സികളും നിരീക്ഷകരും രംഗത്തുള്ളതും രക്ഷാദൗത്യങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നു പ്രത്യാശിക്കാം.
ദുരിതാശ്വാസകേന്ദ്രങ്ങളിലേയ്ക്കു സഹായമെത്തിക്കാന്‍ എല്ലാ സന്നദ്ധസംഘടനകളും രംഗത്തുണ്ട്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനികോപകരണങ്ങളും ആംബുലന്‍സും മറ്റും സൗജന്യമായി രക്ഷാപ്രവര്‍ത്തനത്തിനു നല്‍കാന്‍ പലരും തയാറായിട്ടുണ്ട്. പ്രളയകാലത്തെ കേരളത്തിന്റെ ഒരുമയാണിതു കാണിക്കുന്നത്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന കാഴ്ച പ്രളയകാലത്തിന്റെ വേദനയിലും കേരളത്തിന്റെ മനം കുളിര്‍പ്പിക്കുന്നതാണ്.
ദുരന്തമുഖത്തു മാത്രം നാം ഒന്നിച്ചാല്‍ മതിയോയെന്ന ചിന്ത ഇനിയെങ്കിലും മലയാളിയുടെ മനസില്‍ ഉയര്‍ന്നുവരേണ്ട കാലമാണിത്. എല്ലാ മഴക്കാലത്തും പ്രളയം പ്രതീക്ഷിക്കേണ്ട സാഹചര്യത്തിലേയ്ക്കാണു കേരളം നീങ്ങുന്നതെന്ന് ശാസ്ത്രജ്ഞരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന വികസനങ്ങള്‍ ഈ നാടിനു താങ്ങാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. പരിസ്ഥിതി സൗഹൃദ വികസനം മാത്രമേ ഇനി അനുവദിക്കാവൂവെന്നും വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ ലഭിക്കേണ്ട ശരാശരി മഴപോലും ഇപ്പോഴുമായിട്ടില്ല. നാലു ദിവസം മഴ കോരിച്ചൊരിഞ്ഞാല്‍ താങ്ങാനുള്ള ശേഷി കേരളത്തിന് ഇല്ലാതായിരിക്കുന്നു. അതിലേയ്ക്കു വഴിവച്ചത് അശാസ്ത്രീയമായ വികസനം തന്നെയാണ്. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കാനുള്ള നിയമം പലപ്പോഴും ഫയലുകളില്‍ ഉറങ്ങുകയാണ്. മഴക്കാലത്തു പ്രളയവും വേനലില്‍ വരള്‍ച്ചയും നേരിട്ടുകൊണ്ടിരിക്കുകയാണു കേരളം.
ഇതിനു പരിഹാരം പ്രകൃതിയെ സംരക്ഷിക്കല്‍ മാത്രമാണെന്ന തിരിച്ചറിവിലേയ്ക്കു കേരളം എത്തണം. പ്രളയകാലത്ത് എല്ലാം മറന്ന് ഒന്നിച്ചപോലെ രാഷ്ട്രീയഭേദമന്യേ ഈ നാടിന്റെ രക്ഷയ്ക്കായി ഒന്നിക്കണം. ദൈവത്തിന്റെ സ്വന്തം നാടിനെ പ്രകൃതിദുരന്തങ്ങളുടെ സ്വന്തംനാടായി മാറാന്‍ അനുവദിച്ചൂകൂടാ. പ്രളയത്തിലും നിപായിലും ഐക്യപ്പെടാന്‍ അറിയാമെന്നു തെളിയിച്ച കേരളം എന്തിനു മടിച്ചുനില്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."