കുറ്റിക്കോലില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍; കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ മാതൃസംഘടനയിലേക്ക്
കുറ്റിക്കോല്‍: കോണ്‍ഗ്രസിലെ വിമത അംഗങ്ങള്‍ മാതൃസംഘടനയിലേക്കു തിരിച്ചു പോകാനൊരുങ്ങുന്നതോടെ വീണ്ടും പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാവുകയാണ് കുറ്റിക്കോല്‍ പഞ്ചായത്ത്. എട്ടാം വാര്‍ഡില്‍നിന്നു കോണ്‍ഗ്രസ് റിബലായി മത്സരിച്ചു വിജയിച്ച സുനിഷ് ജോസഫും അഞ്ചാം വാര്‍ഡില്‍നിന്നു മത്സരിച്ചു വിജയിച്ച് ബി.ജെ.പിയെ പിന്തുണച്ചതിനു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ സമീറാ ഖാദറുമാണ് കോണ്‍ഗ്രസിലേക്കു മടങ്ങാനൊരുങ്ങുന്നത്.
പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റിക്കു കത്തു നല്‍കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ സ്വതന്ത്രനായി മത്സരിച്ചതിനു സുനിഷ് ജോസഫിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാഥിയായി മത്സരിച്ചു വിജയിച്ച സമീറ ഖാദര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ പി. ദാമേദരന്‍ തെടുപ്പത്തിനു വോട്ടുചെയ്യുകയും ബി.ജെ.പി പിന്തുണയോടെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സ്വീകരിക്കുകയും ചെയ്തതിനാണ് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയത്.
ഈ മാസം ഒന്‍പതിനു വൈസ് പ്രസിഡന്റിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇരുവരും പിന്തുണക്കുകയും ബി.ജെ.പിക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
ഇതിനുശേഷമാണ് ഇരുവരും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് അഭ്യര്‍ഥിച്ച് കത്തുനല്‍കിയത്. എന്നാല്‍ ബി.ജെ.പി സഹായത്തോടെ നേടിയ സ്ഥാനങ്ങള്‍ രാജിവെക്കാതെ സമീറാ ഖാദറിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ മാതൃസംഘടനയിലേക്കു തിരിച്ചു പോകാന്‍ ഒരുങ്ങുന്നതും അവിശ്വാസത്തെ സി.പി.ഐ പിന്തുണക്കില്ലെന്ന നിലപാടെടുത്തതും സി.പി.എമ്മിനു തിരിച്ചടിയായിരിക്കുകയാണ്.
അതിനു പുറമെ വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസത്തെ പിന്തുണച്ചാല്‍ സമീറാ ഖാദറിന് പ്രസിഡന്റ് സ്ഥാനവും സുനിഷ് ജോസഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും സി.പി.എം വാഗ്ദാനം നല്‍കുകയും അവിശ്വാസം വിജയിച്ചതിനു ശേഷം ഈ വാഗ്ദാനത്തില്‍നിന്നു സി.പി.എം പിന്മാറിയതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."