വയനാട്ടില്‍ മെഡിക്കല്‍ കോളജിന് സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട ഒരു ജില്ലയുടെ സ്വപ്‌നം വീണ്ടും പൂവണിയുന്നു. വയനാട്ടില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ചേലോട് എസ്‌റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 2012ല്‍ അന്നത്തെ സര്‍ക്കാര്‍ ബജറ്റില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പലകാരണങ്ങള്‍ കൊണ്ട് നിര്‍മാണം നീണ്ടുപോകുകയായിരുന്നു.
ഗുരുതര രോഗം ബാധിക്കുന്ന സാഹചര്യങ്ങളിലും അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ് ജില്ലയിലുള്ളവര്‍ ആശ്രയിക്കുന്നത്. എളുപ്പത്തിലെത്താനുള്ള ഏക വഴി കിലോമീറ്ററുകള്‍ താണ്ടി ചുരമിറങ്ങിവേണം എത്താന്‍ എന്നുള്ളതും സ്ഥിതി സങ്കീര്‍ണമാക്കി. അധികസമയത്തും ചുരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കുമൂലം ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പലര്‍ക്കും ജീവന്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിരുന്നു. സര്‍ക്കാര്‍ സ്ഥലമേറ്റെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ തങ്ങളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം ഇനിയെങ്കിലും പരിഗണിക്കപ്പെടുമെന്നുള്ള വിശ്വാസത്തിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."