മതനിരപേക്ഷതയില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല: മന്ത്രി ജെ. മേഴ്സികുട്ടിയമ്മ
തിരുവനന്തപുരം: മതനിരപേക്ഷതയില്‍ വെള്ളം ചേര്‍ക്കുന്ന രീതി അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ.
തിരുവനന്തപുരം പ്രസ്ക്ലസ് ഹാളില്‍ സംഘടിപ്പിച്ച ആനിമസ്ക്രീന്റെ 116-ാം ജന്മദിനവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മതനിരപേക്ഷത ജനാധിപത്യത്തിന്റെ അടിത്തറയാണ്. അത് ഭദ്രമായി സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
ഫാസിസ്റ്റ് ശക്തികള്‍ പത്തി വിടര്‍ത്തിയാടുന്ന കാഴ്ച്ചയാണ് ഇന്ന് രാജ്യത്ത് കാണാന്‍ കഴിയുന്നത്. ഹിറ്റ്ലര്‍ നയമാണ് അക്കൂട്ടര്‍ ഇന്നും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആനിമസ്ക്രീയെന്നും അവര്‍ പറഞ്ഞു. വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചാണ് ആദ്യകാലങ്ങളില്‍ അവര്‍ സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് അവര്‍.
ഇന്നത്തെ കാലത്ത് പൊതുരംഗത്ത് നിരവധി സ്ത്രീകള്‍ ഉണ്ടെങ്കിലും ആനിമസ്ക്രീനെ പോലെ ത്യാഗങ്ങള്‍ സഹിക്കാന്‍ ആരും തയാറാകുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.തിരുവനന്തപുരം അതിരൂപത ജനറല്‍ വികാരി മോണ്‍.യൂജിന്‍ എച്ച്.പെരേര അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ പ്ലാനിങ് ബോര്‍ഡ് അംഗം സി.പി ജോണ്‍ വിഷയാവതരണം നടത്തി.യോഗത്തില്‍ എം ആര്‍ക്കാഞ്ചലോ,ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്,ജോസഫ് ജോണ്സണ്, ജൂനിയര്‍ ആനിമസ്ക്രീന്, അല്‍ഫോന്‍സാ ആന്റില്‍സ് പ്രസംഗിച്ചു. ആനിമസ്ക്രീന് ജന്മദിനാഘോഷ കമ്മിറ്റി ചെയര്മാന് ആന്റണി ആല്‍ബര്‍ട്ട് സ്വാഗതവും തിരുവനന്തപുരം അഥിരൂപത കെ.എല്‍.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷെര്‍ലി ജോണ്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."