സുബ്രതോകപ്പിന് ഡല്‍ഹിയില്‍ തുടക്കമായി
ന്യൂഡല്‍ഹി: സുബ്രതോകപ്പ് ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഡല്‍ഹിയില്‍ തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത് ടൂര്‍ണമെന്റായി അറിയപ്പെടുത്ത സുബ്രതോകപ്പില്‍ വിദേശത്ത് നിന്നുള്ള 16 ടീമുകള്‍ ഉള്‍പ്പെടെ 112 ടീമുകളാണ് പങ്കെടുക്കുന്നത്.
കേരളത്തെ പ്രതിനിധീകരിച്ച് മൂന്ന് ടീമുകളാണ് കളത്തിലിറങ്ങുന്നത്. ആണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ എടത്തനാട്ടുകര ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും പെണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗത്തില്‍ നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ആണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗത്തില്‍ ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസുമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.
ചേലേമ്പ്ര സ്‌കൂള്‍ ടീം ഇത് രണ്ടാം തവണയാണ് ദേശീയ മത്സരത്തിനെത്തുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തി സെമി ഫൈനല്‍ വരെ എത്താന്‍ ചേലേമ്പ്രക്ക് കഴിഞ്ഞിരുന്നു. തൃശൂരില്‍ നടന്ന സംസ്ഥാന മത്സരത്തില്‍ തിരുവനന്തപുരത്തെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ചേലേമ്പ്ര ചാംപ്യന്‍മാരായത്.
സുബ്രതോകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ ടീമുകള്‍ മത്സരത്തിനെത്തുന്നത്. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 36 ടീമും അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 31 ടീമും അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 45 ടീമുകളുമാണ് മത്സരിക്കുന്നത്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നൈജീരിയ, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക, ഉസ്ബക്കിസ്ഥാന്‍ എന്നിവയാണ് വിദേശ ടീമുകള്‍.
യുവജനകാര്യ കായിക മന്ത്രാലയം, മാനവ വിഭവ ശേഷി വികസന മന്ത്രാലയം, സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ പിന്തുണയോടെ എയര്‍ഫോഴ്‌സ് സ്‌പോട്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സുബ്രതോ മുഖര്‍ജി സ്‌പോര്‍ട്‌സ് എജ്യുക്കേഷന്‍ സൊസൈറ്റിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. പ്രീക്വാര്‍ട്ടര്‍ മുതലുള്ള മത്സരം ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തിലായിരിക്കും നടക്കുക.
പ്രാഥമികഘട്ടം മുതലുള്ള റൗണ്ട് റോബിന്‍ മത്സരങ്ങള്‍ അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപത്തുള്ള ഗ്രൗണ്ടിലുമായിരിക്കും നടക്കുക. മുന്‍ വര്‍ഷത്തേക്കാള്‍ സമ്മാനത്തുകയും ഈ വര്‍ഷമുണ്ട്. എല്ലാ വിഭാഗങ്ങളിലും 50,000 രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെവിഭാഗത്തിലെ വിജയികള്‍ക്ക് 3,00,000 രൂപയാണ് ലഭിക്കുക.
രണ്ടാം സ്ഥാനക്കാക്കാര്‍ക്ക് 2,50,000 രൂപ ലഭിക്കും. ജൂനിയര്‍ ആണ്‍കുട്ടിള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് 4,00,000 രൂപയുമാണ് സമ്മാനത്തുക. മികച്ച കളിക്കാരനും മികച്ച ഗോള്‍ കീപ്പര്‍ക്കും 50,000 രൂപയാണ് പ്രൈസ് മണി നല്‍കുക. ജൂനിയര്‍ വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2,50,000 രൂപയും ലഭിക്കും.
അണ്ടര്‍ 14 വിഭാഗം ആണ്‍കുട്ടികളുടെ ഫൈനല്‍ ഓഗസ്റ്റ് 29ന് നടക്കും.
അണ്ടര്‍ 17 ആണ്‍കുട്ടികളുടെ മത്സരം സെപ്റ്റംബര്‍ ഏഴിനും പെണ്‍കുട്ടികളുടെ മത്സരം ഓഗസ്റ്റ് 30നും തുടങ്ങും. പെണ്‍കുട്ടികളുടെ ഫൈനല്‍ സെപ്റ്റംബര്‍ ആറിനും ആണ്‍കുട്ടികളുടെ ഫൈനല്‍ സെപ്റ്റംബര്‍ 18നും നടക്കും. സ്‌പോട്‌സ് കൗണ്‍സില്‍ പരിശീലക ഫൗസിയ മാമ്പറ്റയാണ് നടക്കാവ് സ്‌കൂളിനെ പരിശീലിപ്പിക്കുന്നത്. നാല് വര്‍ഷം മുന്‍പ് നടക്കാവ് ടീം കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു. അണ്ടര്‍ 14 വിഭാഗം ടീമായ എടത്തനാട്ടുകര സ്‌കൂള്‍ ടീമിനെ പരിശീലിപ്പിക്കുന്നത് മോഹന്‍ ബഗാന്‍ താരമായ വി.പി സുഹൈറിന്റെ സഹോദരനായ വി.പി സുനീറാണ്. മന്‍സൂര്‍ അലി മാസ്റ്ററുടെ കീഴിലാണ് ഈ വര്‍ഷവും ചേലേമ്പ്ര സ്‌കൂള്‍ ദേശീയ കിരീടംതേടി ഡല്‍ഹിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം പുറത്തെടുത്ത മന്‍സൂര്‍ മാസ്റ്ററുടെ കുട്ടികള്‍ സെമിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇസ്തികാല്‍ സ്‌കൂളിനോട് പരാജയപ്പെട്ടായിരുന്നു പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."