മര്കസിലെ വ്യാജ കോഴ്സ് കാന്തപുരം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
കൊച്ചി: മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ അംഗീകാരമില്ലാത്ത കോഴ്സ് നടത്തി പണം തട്ടിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഹൈക്കോടതിയില്‍ ഹരജി നല്കി.
സര്‍ക്കാരിന്റെയും പി.എസ്.സിയുടെയും അംഗീകാരമുണ്ടെന്നു പരസ്യംനല്‍കി ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ നടത്തിയെന്നും ഇവയ്ക്കൊന്നിനും അംഗീകാരമില്ലെന്നുമാണു കേസ്. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങിന് 1.5 ലക്ഷം രൂപ വാങ്ങി അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ കുന്ദമംഗലം പൊലിസ് കേസെടുത്തിരുന്നു. കേസില്‍ കാന്തപുരം മൂന്നാം പ്രതിയാണ്.
മര്‍കസിന്റെ ജനറല്‍ സെക്രട്ടറിയാണെങ്കിലും കോളജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്ന് കാന്തപുരത്തിന്റെ ഹരജിയില്‍ പറയുന്നു. 30 വര്‍ഷമായി സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും തിരൂരിലെ അക്കാദമി ഓഫ് സിവില്‍ എന്‍ജിനീയേഴ്സാണ് മര്‍കസില്‍ കോഴ്സുകള്‍ നടത്തുന്നതെന്നും ഹരജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."