മോഷണം തടയാന്‍ കൂട്ടായ പദ്ധതികളുമായി തളിപ്പറമ്പ് പൊലിസും വ്യാപാരികളും
തളിപ്പറമ്പ് : മണ്‍സൂണ്‍ മോഷണം തടയുന്നതിന് തളിപ്പറമ്പ് പൊലിസും വ്യാപാരികളും ചേര്‍ന്ന് പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതിനെ കുറിച്ച് ആലോചിക്കാന്‍ പൊലിസ് അധികാരികളും വ്യാപാരികളും സംയുക്തമായി യോഗം ചേര്‍ന്നു.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വ്യാപാരികളുടെ പ്രതിനിധികളായി ഇരുപതുപേരും വിവിധ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ചുമതലക്കാരും പങ്കെടുത്തു. ബാങ്കുകള്‍, ജ്വല്ലറികള്‍ തുടങ്ങി മറ്റു വ്യാപാരസ്ഥപനങ്ങളുടെ ഉടമസ്ഥരെ വെവേറെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
ജനമൈത്രി പൊലിസാണ് പദ്ധതി നടപ്പിലാക്കാന്‍ മുന്‍കൈയെടുക്കുന്നത്. മുന്‍വര്‍ഷത്തില്‍ തളിപ്പറമ്പില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായി മോഷണത്തിനെതിരെ ബീറ്റ് അടിസ്ഥാനത്തില്‍ നൈറ്റ് പട്രോളിങ്ങ് ഏര്‍പ്പെടുത്തിയിരുന്നു.
രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് മണി വരെയാണ് ആസമയത്ത് പട്രോളിങ്ങ് ഏര്‍പ്പെടുത്തിയിരുന്നത്.
ഇതിലൂടെ മോഷണം പൂര്‍ണമായും തടയാന്‍ തളിപ്പറമ്പ് പൊലിസിന് സാധിച്ചിരുന്നു. വ്യാപാരികളുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയിരുന്നത്.
കൂടുതല്‍ സെക്യൂരിറ്റികളെ നിയമിക്കാനും. കാമറകള്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ അവ സ്ഥാപിക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
സ്ഥാപനങ്ങളിലെ സുരക്ഷാ ജീവനക്കാരെ പരസ്പ്പരം ബന്ധിപ്പിക്കുന്ന ഒരു നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനും പരസ്പരം വിവരങ്ങള്‍ കൈമാറാനും ഇവരെ ഒരു കേന്ദ്രത്തില്‍ നിന്നും നിയന്ത്രിക്കുന്നതിനും സംവിധാനം ഉണ്ടാക്കും.
നൈറ്റ് പട്രോളിങ്ങ് ഡ്യൂട്ടിയിലുള്ള പൊലിസുകാരുമായി സെക്യൂരിറ്റി ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഈ സംവിധാനം കൊണ്ട് സാധിക്കും.
പദ്ധതി നടപ്പിലാക്കുന്നതോടെ നഗരത്തിലെ മോഷണങ്ങള്‍ പൂര്‍ണമായും തടയാനാകുമെന്നും സ്ഥാപനങ്ങളിലെ സെക്യൂരിറ്റി പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതോടെ പൊലിസിന് ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ അധ്യക്ഷനായി. സി.ഐ കെ.ജെ വിനോയ്. എസ്.ഐ കെ. ദിനേശന്‍ വ്യാപാരി നേതാവ് ടി. താജുദ്ദീന്‍ മറ്റ് വ്യാപാരി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."