കര്‍ഷക പ്രക്ഷോഭം: മധ്യപ്രദേശ് സാധാരണ നിലയിലേക്ക്
നിരോധിച്ച ഇന്റര്‍നെറ്റ് സൗകര്യം പുനഃസ്ഥാപിച്ചു
കര്‍ഫ്യൂവില്‍ അയവു വരുത്തി
ഇന്‍ഡോര്‍: കര്‍ഷക പ്രക്ഷോഭത്തിനെതിരേ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ ആറുപേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കലുഷിതമായ മധ്യപ്രദേശ് സമാധാനത്തിലേക്ക് നീങ്ങിത്തുടങ്ങി.
കര്‍ഷകരുടെ പ്രക്ഷോഭത്തെ തടയിടുന്നതിനായി സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധിച്ചിരുന്നെങ്കിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുന്നതുകണ്ട് ഇവയെല്ലാം പുനസ്ഥാപിച്ചിട്ടുണ്ട്.
സമരത്തിന്റെ തീക്ഷണത കുറഞ്ഞതോടെ സമരം പൊട്ടിപ്പുറപ്പെട്ട മന്ദസോറില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്നലെ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച 144ാം വകുപ്പ് പിന്‍വലിച്ചിട്ടില്ലെന്ന് മന്ദസോര്‍ ജില്ലാ കലക്ടര്‍ ഒ.പി ശ്രീനിവാസ്തവ അറിയിച്ചു.
അതെസമയം കര്‍ഷകര്‍ മരിച്ച പിപ്പിലമാണ്ഡി പ്രദേശം ഉള്‍പ്പെടുന്ന ഭാഗത്തെ കര്‍ഫ്യൂ പിന്‍വലിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ സമരം തുടങ്ങിയത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ട രീതിയിലുള്ള ചര്‍ച്ച നടക്കാതിരുന്നതാണ് പ്രക്ഷോഭം ആളിക്കത്താനിടയാക്കിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രക്ഷോഭകര്‍ ബന്ധപ്പെടുന്നുവെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് സംവിധാനം തടഞ്ഞിരുന്നത്.
സ്ഥിതിഗതികള്‍ സമാധാനത്തിലേക്ക് നീങ്ങിത്തുടങ്ങിയതോടെ കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങള്‍, പാല്‍ എന്നിവ വിപണിയിലെത്തിച്ചു തുടങ്ങി.
അതിനിടയില്‍ മധ്യപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലുമെല്ലാം കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം തുടരുകയാണ്. ഇന്നലെ മഹാരാഷ്ട്രയില്‍ വിലത്തകര്‍ച്ച കാരണം കര്‍ഷര്‍ പാല്‍ റോഡിലൊഴുക്കി പ്രതിഷേധിച്ചത് സംസ്ഥാന ബി.ജെ.പി സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്.
മധ്യപ്രദേശില്‍ മരിച്ച കര്‍ഷകരില്‍ നാലുപേര്‍ പട്ടേല്‍ സമുദായക്കാരാണ്. ഈ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള ഗുജറാത്തില്‍ ഇതിന്റെ അലയൊലി തെരഞ്ഞെടുപ്പിലുണ്ടായേക്കുമെന്ന് പട്ടേല്‍ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള ഒരുക്കം ഗുജറാത്തില്‍ തുടങ്ങിയിട്ടുണ്ട്.
രാജസ്ഥാനിലും കര്‍ഷക സമരത്തിന്റെ പ്രതിഫലനം പ്രകടമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരേ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന അംഗങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിനിടയില്‍ കര്‍ഷകരുടെ എതിര്‍പ്പുകൂടി വന്നതോടെ ഈ സര്‍ക്കാരും കടുത്ത പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."