മൂന്നു കവിതകള്‍
മൗലാനാ ജലാലുദ്ദീന്‍ റൂമി
വിവ: ശരത് മണ്ണൂര്‍
മൂവന്തിയിലെ ചന്ദ്രന്‍
മൂവന്തിയില്‍
ആകാശത്ത് ചന്ദ്രനുദിച്ചു.
മെല്ലെ മെല്ലെ അതു ഭൂമിയിലേക്കിറങ്ങി..
ഒരു പ്രാപ്പിടിയന്‍
പക്ഷിക്കുഞ്ഞിനെയെന്നപോലെ
എന്നെ കവര്‍ന്നെടുത്ത്
മുകളിലേക്കു കുതിച്ചു.
ഞാനെന്നെ തിരഞ്ഞെങ്കിലും
കണ്ടെത്താനായില്ല.
എന്റെ ശരീരം
ആത്മാവായിക്കഴിഞ്ഞിരുന്നു...
നവഗ്രഹങ്ങള്‍ ചന്ദ്രനിലലിഞ്ഞു,
ആ സമുദ്രത്തില്‍
എന്റെ ഉണ്മയുടെ യാനം
മുങ്ങിത്താഴ്ന്നു...
യവനികയ്ക്കു പിന്നില്‍
ഈ ഉദ്യാനമലങ്കരിക്കുന്നത്
നിന്റെ മുഖമാണോ
ഈ ഉദ്യാനത്തെ മത്തുപിടിപ്പിക്കുന്നത്
നിന്റെ മോഹനഗന്ധമാണോ
ഈയരുവിയില്‍ വീഞ്ഞുനിറയ്ക്കുന്നത്
നിന്റെ ചൊടികളാണോ...
നിന്നെ കാണാനെത്തി ആയിരങ്ങള്‍
ഇവിടെ മരിച്ചുവീണു.
ഇവിടെ ആര്‍ക്കും മുഖം കൊടുക്കാതെ നീ
യവനികയ്ക്കു പിന്നിലൊളിച്ചുനില്‍ക്കുന്നു
ഈ വിരഹം പക്ഷെ,
കമിതാക്കളായി വരുന്നവര്‍ക്കുള്ളതല്ല...
ഇവിടെ നിന്നെ കാണാനെളുപ്പമാണ്
നീ ഈ മന്ദമാരുതനിലുണ്ട്,
ഈ വീഞ്ഞുനദിയിലുണ്ട്...
ജനിമൃതി...
ഞാനൊരു കല്ലായി മരിച്ച്
ചെടിയായി പുനര്‍ജനിച്ചു.
ചെടിയായി മരിച്ച്
മൃഗമായി ജനിച്ചു.
മൃഗമായി മരിച്ച്
മനുഷ്യനായി ജനിച്ചു...
ഇനിയെന്തിനു പേടി
മരണം എനിക്കൊന്നും
നഷ്ടപ്പെടുത്തുന്നില്ലല്ലോ...
പതിമൂന്നാം നൂറ്റാണ്ടിലെ അന്നത്തെ പേര്‍ഷ്യയില്‍ ജീവിച്ച പ്രശസ്തനായ കവിയും പണ്ഡിതനും നിയമജ്ഞനുമാണ് ജലാലുദ്ദീന്‍ റൂമി. പടിഞ്ഞാറിലടക്കം ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരനാണ് അദ്ദേഹം. റൂമിയുടെ ഒട്ടേറെ കവിതകള്‍ നൂറോളം ലോക ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും ദൈവവും സ്‌നേഹവും വിഷയമായി വരുന്ന അദ്ദേഹത്തിന്റെ രചനകള്‍ ലാളിത്യത്തിന്റെയും നിഷ്‌കളങ്കതയുടെയും പ്രതീകങ്ങളാണ്. മസ്‌നവിയാണ് മാസ്റ്റര്‍പീസ് രചന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."