ഒമാനെതിരേ കളിച്ചത് അവസാന മത്സരം എന്ന പോലെ: ആശിഖ് കുരുണിയന്‍
ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനെതിരേ കളിച്ചത് തന്റെ അവസാന മത്സരം കളിക്കുന്ന അത്രയും വീറോടെയായിരുന്നെന്ന് ഇന്ത്യയുടെ മലയാളി മിഡ്ഫീല്‍ഡര്‍ ആശിഖ് കുരുണിയന്‍. പരുക്കിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട ആശിഖിനെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കോച്ചിന്റെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന് ആശിഖ് മികച്ച പ്രകടനം നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ ടീം പ്രതിരോധത്തിലേക്കു വലിഞ്ഞതോടെ മുന്നേറ്റനിരയില്‍ പന്തെത്താതിരുന്നതാണ് കാരണം.
ഗുവാഹതിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 1-2ന് ഒമാനോട് പരാജയപ്പെട്ടിരുന്നു. ഈ 22കാരന്‍ സമ്പാദിച്ച ഫ്രീകിക്കാണ് ഇന്ത്യ നേടിയ ഏക ഗോളിനു വഴിയൊരുക്കിയത്. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താന്‍ ഇത്ര പെട്ടെന്ന് ദേശീയ ടീമിലേക്ക് തിരിച്ചെത്താനാവുമെന്ന് കരുതിയിരുന്നില്ലെന്ന് ആശിഖ് പറയുന്നു.
കാല്‍മുട്ടിനുള്ള പരുക്ക് ഭേദമായതിനെ തുടര്‍ന്ന് ജനുവരിയിലാണ് താരം ടീമില്‍ തിരിച്ചെത്തിയത്. കിങ്‌സ് കപ്പ്, ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് എന്നിവ പരുക്കുമൂലം നഷ്ടമായി. തിരിച്ചുവരവിനു ശേഷമുള്ള ആദ്യ മത്സരം എന്ന നിലയില്‍ അല്‍പം സമ്മര്‍ദമൊക്കെയുണ്ടായിരുന്നു. എന്നാല്‍ ഗുവാഹതിയില്‍ ആരാധകരില്‍നിന്ന് ലഭിച്ച പിന്തുണ അതിനെ മറികടക്കാന്‍ സഹായിച്ചു.
കഴിഞ്ഞവര്‍ഷം ചൈനീസ് തായ്‌പേയിക്കെതിരേയായിരുന്നു ആശിഖിന്റെ ദേശീയ ടീമിലെ അരങ്ങേറ്റം. ഒരു മാസത്തെ വിശ്രമത്തിനു ശേഷം എല്ലാ ദിവസവും രാവിലെ ഗ്രൗണ്ടില്‍ പരിശീലനം നടത്തിയിരുന്നു. ഫിറ്റ്‌നസിനു വേണ്ടി വൈകിട്ട് ജിംനേഷ്യത്തിലും സമയം ചെലവഴിച്ചു.
പുതിയ പരിശീലകനായി വന്ന ഇഗോര്‍ സ്റ്റിമാച്ച് നിരവധി പുതിയ കളിക്കാരെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കളിക്കാരെല്ലാം നല്ല കഴിവുള്ളവരാണെന്ന് ആശിഖ് പറയുന്നു.
കോച്ചിന് ഈ ടീമില്‍ വലിയ പ്രതീക്ഷയുണ്ട്. ഫുട്‌ബോളില്‍ ഒരു ടീമും അപരാജിതരല്ല. ഖത്തറിനെതിരേ കളിക്കാനിറങ്ങുന്നത് ഈയൊരു ആത്മവിശ്വാസത്തോടെയാണ്. ഖത്തര്‍ ഏഷ്യന്‍ ചാംപ്യന്മാരാണെങ്കിലും അവരെ തോല്‍പ്പിക്കാന്‍ ആവുന്ന രീതിയില്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും ആശിഖ് കുരുണിയന്‍ ഉറപ്പു നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."