ദേശമംഗലം സഹകരണ ബാങ്കില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്
ദേശമംഗലം: അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലിരിക്കുന്ന ദേശമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ അധികാരമേല്പ്പിക്കണമെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. നാല് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി ഭരണ സമിതിയെ അധികാരമേല്പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
2014ല്‍ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുമ്പോള്‍ നിലനിന്നിരുന്ന വോട്ടര്‍ പട്ടികയും സ്ഥാനാര്‍ഥി പട്ടികയും ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
2014 ല്‍ ബാങ്ക് പ്രസിഡന്റായിരുന്ന ഇപ്പോഴത്തെ ചേലക്കര എം.എല്‍.എ യു.ആര് പ്രദീപിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്. 2014 സെപ്റ്റംബര്‍ 13നാണ് ബാങ്കില്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. 13 അംഗ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് ഇടത് മുന്നണി യു.ആര് പ്രദീപിന്റെ നേതൃത്വത്തില്‍ 13 പേരും യു.ഡി.എഫ് പാനലില്‍ 11 പേരുമാണ് നാമ നിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നത്.
എന്നാല്‍ വോട്ടര്‍ പട്ടികയില്‍ വന്‍ക്രമക്കേട് നടന്നതായും ഭരണ സമിതി ലക്ഷങ്ങളുടെ അഴിമതി നടത്തിയതായും ആരോപിച്ച് യു.ഡി.എഫ് നല്കിയ പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് സെപ്റ്റംബര്‍ 11 ന് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെല്ലാം നിര്‍ത്തി വെച്ച് ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരേയാണ് യു.ആര് പ്രദീപ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രദീപും സ്ഥാനാര്‍ഥിയാകേണ്ടി വരും. ഹൈക്കോടതി വിധിയില്‍ ഇടത് മുന്നണി ആഹ്ലാദം പ്രകടിപ്പിച്ചു. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും ഇടത് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."