കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസപ്രമേയം തള്ളി
കൊച്ചി: കൊച്ചി കോര്പറേഷന് മേയര്‍ സൗമിനി ജെയിനെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം യു.ഡി.എഫിന്റെ വിട്ടുനില്‍ക്കല്‍ തന്ത്രത്തില്‍ പരാജയപ്പെട്ടു. കലക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന വോട്ടെടുപ്പില്‍ എല്‍.ഡി.എഫിന്റെ 33 വോട്ടുകള്‍ മാത്രമാണ് അവിശ്വാസത്തിനനുകൂലമായി രേഖപ്പെടുത്തിയത്. രണ്ടു ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നു. ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ മേയര്‍ക്കെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളുന്നതായി കലക്ടര്‍ അറിയിച്ചു.
യു.ഡി.എഫിന് 38 ഉം എല്‍.ഡി.എഫിന് 34 ഉം ബി.ജെ.പിക്ക് രണ്ടു പേരുമുള്ള 74 അംഗ കൗണ്‍സിലില്‍ 38 വോട്ട് ലഭിച്ചെങ്കിലേ അവിശ്വാസം പാസാകുമായിരുന്നുള്ളൂ. യു.ഡി.എഫ് വിട്ടുനിന്നതോടൊപ്പം ആരോഗ്യ കാരണങ്ങളാല്‍ 69-ാം ഡിവിഷന് കൗണ്‍സിലറും ആദ്യകാല മേയറുമായ കെ.എം ഹംസക്കുഞ്ഞ് വരാതിരുന്നതും അംഗങ്ങളുടെ എണ്ണം 35 ആയി കുറഞ്ഞു. 33 എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് ബി.ജെ.പി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
അവിശ്വാസത്തിന്മേല് നടന്ന ചര്‍ച്ചയിലുടനീളം ശക്തമായ ആരോപണങ്ങളാണ് മേയര്‍ക്കും കോര്പറേഷന് ഭരണത്തിനുമെതിരേ ബി.ജെ.പി ഉള്‍പ്പടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചത്.
അവിശ്വാസം തള്ളിപ്പോയ സാഹചര്യത്തില്‍ ഇനി ആറു മാസം കഴിഞ്ഞേ മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരാന്‍ സാധിക്കൂ. ചര്‍ച്ചയിലും തുടര്‍ന്ന് നടക്കുന്ന യോഗത്തിലും കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായി ടി.ജെ വിനോദ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വിപ്പ് ലംഘിച്ച് യോഗത്തില്‍ പങ്കെടുക്കുന്നവര്‍ കര്‍ശനമായ ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നും വിപ്പില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."