കേന്ദ്രം ദേശീയ നേതാക്കളെ തടവിലാക്കി കശ്മീരില്‍ രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കുന്നു- രാഹുല്‍
ന്യൂഡല്‍ഹി: ഫാറൂഖ് അബ്ദുള്ളയെ പോലുള്ള ദേശീയ നേതാക്കളെ തടവിലാക്കി കശ്മീരില്‍ രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ ശൂന്യത മുതലെടുക്കുക ഭീകരരാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയെ മുഴുവനായി വിഭജിച്ചുനിര്‍ത്താനുള്ള ഒരു രാഷ്ട്രീയ ഉപകരണമാണ് കേന്ദ്രത്തിന് കശ്മീരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഫാറൂഖ് അബ്ദുള്ളയെ പോലുള്ള ദേശീയ നേതാക്കളെ തടവിലാക്കി കശ്മീരില്‍ രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ഭീകരരായിരിക്കും ഈ ശൂന്യത നികത്തുന്നത്. എങ്കിലേ കേന്ദ്രത്തിന് ഇന്ത്യയെ മുഴുവനായി വിഭജിച്ചുനിര്‍ത്താനുള്ള ഒരു രാഷ്ട്രീയ ഉപകരണമായി കശ്മീരിനെ ഉപയോഗിക്കാന്‍ കഴിയൂ'- രാഹുല്‍ ട്വീറ്റ് ചെയ്തു.
ഫാറൂഖ് അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്നും മറ്റൊരു ട്വീറ്റില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കശ്മീരില്‍ ഭീകരവാദികള്‍ക്ക് ഇടം നല്‍കുന്ന തരത്തിലുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും തടവിലാക്കിയ മുഴുവന്‍ നേതാക്കളെയും മോചിപ്പിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭാ അംഗവും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളക്കെതിരെ ജമ്മു കശ്മീരിന്റെ പൊതു സുരക്ഷാ നിയമം (പി.എസ്.എ) ചുമത്തിയത്. ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും മേല്‍ ചുമത്താറുള്ള നിയമമാണിത്. ഫാറൂഖ് അബ്ദുള്ളയുടെ ശ്രീനഗര്‍ ഗുപ്കര്‍ റോഡിലെ വസതി ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗങ്ങളും നിലപാടുകളും പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കശ്മീര്‍ പൊലിസ് അറിയിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ പി.എസ്.എ ചുമത്തി വീട്ടുതടങ്കലിലാക്കിയത്.
ഫാറൂഖ് അബ്ദുള്ളക്കുമേല്‍ പി.എസ്.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പി.എസ്.എ ചുമത്തപ്പെടുന്ന ആദ്യത്തെ പ്രമുഖ നേതാവും എം.പിയുമാണ് ഫാറൂഖ് അബ്ദുള്ള.
ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം. ഫാറൂഖ് അബ്ദുള്ളയുടെ പിതാവായ ഷെയ്ഖ് അബ്ദുല്ലയുടെ ഭരണകാലത്താണ് ഈ നിയമം ആദ്യമായി കശ്മീരില്‍ നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."