മാള മേഖലയില്‍ തെരുവ്‌നായ ശല്യം വീണ്ടും രൂക്ഷമാകുന്നു
മാള: മേഖലയില്‍ തെരുവ് നായ ശല്യം വീണ്ടും രൂക്ഷമാകുന്നു. മാള അഷ്ടമിച്ചിറ , പുത്തന്‍ചിറ, അന്നമനട , കാരൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ കൂട്ടമായെത്തുന്ന തെരുവ് നായകള്‍ വീടുകളില്‍ വളര്‍ത്തുന്ന കോഴികളേയും താറാവുകളേയും കൊന്ന് തിന്നുന്നത് പതിവായിരിക്കുകയാണ്. കൂടുകള്‍ തകര്‍ത്താണ് തെരുവ് നായകള്‍ വളര്‍ത്തു ജീവികളെ കൊല്ലുന്നത്.
ആടുകള്‍ക്ക് നേരെയും തെരുവ് നായകളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. രാത്രി കാലങ്ങളില്‍ തെരുവുകളില്‍ അലയുന്ന തെരുവ് നായകള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഭീഷണയായിരിക്കുകയാണ്.
ഇറച്ചിക്കടകളോടും കോഴിക്കടകളോടും ചേര്‍ന്നാണ് തെരുവ് നായകള്‍ താവളമടിച്ച് പെറ്റുപെരുകുന്നത്. ഇറച്ചി, കോഴി, മത്സ്യ വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ വിജന സ്ഥലങ്ങളില്‍ പുറം തള്ളുന്നത് തെരുവ് നായകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി ആക്ഷേപമുണ്ട്. ചിലര്‍ നിയമാനുസൃതം മാലിന്യം സംസ്‌കരിക്കുന്നുണ്ടെങ്കിലും പലരും റോഡുകളിലും തോടുകളിലും മറ്റും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുകയാണ്. തെരുവ് നായ നിയന്ത്രണത്തിന് കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും ഇത് വരെയും നടപടികളൊന്നും ഉണ്ടായിട്ടില്ല.
തെരുവ് നായ ശല്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതികള്‍, പഞ്ചായത്തുകള്‍ തനത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ പഞ്ചായത്തുകളില്‍ യാതൊരു നീക്കവും ഉണ്ടായിട്ടില്ല .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."