ഒരുമാസത്തിനിടെ 1085 മിന്നല്‍പരിശോധന
ആലപ്പുഴ: ജില്ലയില്‍ അനധികൃത മദ്യത്തിന്റേയും ലഹരി വസ്തുക്കളുടേയും ഉല്‍പ്പാദനവും വിതരണവും തടയുന്നതിനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുമാസത്തിനിടയില്‍ 1085 മിന്നല്‍ പരിശോധനയിലായി 100 അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു.
സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ളതാണ് ഈ കണക്ക്. ഇതിന് പുറമേ 76 എന്‍.ഡി.പി.എസ് കേസിലുമായി 192 പേരെ പ്രതിചേര്‍ത്തതില്‍ 164 പേരെ അറസ്റ്റ് ചെയ്തു.
ഈ കേസുകളില്‍ നിന്നായി 15 ലിറ്റര്‍ ചാരായം, 95.675 ലിറ്റര്‍ വിദേശമദ്യം, 850 ലിറ്റര്‍ കോട, 8.986 കിലോ കഞ്ചാവ്, 28 ഗ്രാം ഹാഷിഷ്, 0.084 ഗ്രാം എം.ഡി.എം.എ, 67 നൈട്രോസെഫാം ഗുളികകള്‍, 63.53 ലിറ്റര്‍ അരിഷ്ടം, 6.5 ലിറ്റര്‍ ബിയര്‍, 10,000 പാക്കറ്റ് വ്യാജ സിഗററ്റ്, 18.8 കിലോ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.ജില്ലയിലെ 859 കള്ള്ഷാപ്പുകള്‍, 29 വിദേശ മദ്യഷാപ്പുകള്‍, 36 ബാറുകള്‍, 13 ബിയര്‍ പാര്‍ലറുകള്‍, പാന്‍ മസാല കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി പരിശോധനകള്‍ നടത്തി.
എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വാഹനപരിശോധന കൂടുതല്‍ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി 10 വാഹനങ്ങളും ഇതിനകം പിടിച്ചെടുത്തു.
ജില്ലയിലെ എട്ട് കള്ള്ഷാപ്പുകളുടെ പേരില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാത്തതില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടണ്ട്. പൊലിസുമായി ചേര്‍ന്ന് 10 സംയുക്ത പരിശോധനയും നടത്തി. പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളുടേയും, വിവരങ്ങളുടെയും, അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ ആറ് കേസുകള്‍ വിവിധ റെയ്ഞ്ചുകളിലായി രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് 40 കേസുകളും രജിസ്റ്റര്‍ ചെയ്തു.
പൊതുജനങ്ങള്‍ നല്‍കുന്ന പരാതികള്‍, പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങളും അനന്തര നടപടികളും സ്വീകരിച്ചു വരുന്നതായും ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."