ട്രെയിന്‍ സമയത്തില്‍ മാറ്റം: ദുരിതം പേറി യാത്രക്കാര്‍
കാസര്‍കോട്: കോഴിക്കോടിനും മംഗളുരുവിനുമിടയില്‍ എല്ലാ സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്നതും രാവിലെയുള്ള ആദ്യ ട്രെയിനുമായ മലബാര്‍ എക്‌സ്പ്രസിനെ ആശ്രയിക്കുന്ന മംഗളുരു വരെയുള്ള യാത്രക്കാര്‍ പുതിയ സമയക്രമം കാരണം ദുരിതത്തില്‍. വിവിധ ആശുപത്രികളില്‍ രാവിലെ എത്തേണ്ട രോഗികള്‍, മംഗളുരു, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി നിത്യയാത്രക്കാരും സാധാരണക്കാരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് പുതിയ സമയക്രമം കാരണം ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. കണ്ണൂര്‍ മുതല്‍ എല്ലാ സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിന്‍ കണ്ണൂര്‍-മംഗളുരു ലോക്കല്‍ കാസര്‍കോട് ഇന്നലെയെത്തിയത് 10.10നാണ്. തുടര്‍ന്ന് 10.40ന് മഞ്ചേശ്വരത്തും 11.15ന് മംഗളുരുവും എത്തുമായിരുന്ന ട്രെയിന്‍ എന്‍ജിന്‍ തകരാര്‍ കാരണം വീണ്ടും 30 മിനിറ്റോളം കുമ്പളയില്‍ നിര്‍ത്തിയിടേണ്ടിയും വന്നു. മഞ്ചേശ്വരം 11.10നും മംഗളുരുവില്‍ 11.35നുമാണ് എത്തിയത്.അശാസ്ത്രീയമായ സമയമാറ്റ കാരണം മൂന്നു ട്രെയിനുകളാണ് 15 മിനുട്ടില്‍ മംഗളുരു ഭാഗത്തേക്ക് പുറപ്പെടുന്നത്. കണ്ണൂര്‍-മംഗളുരു പാസഞ്ചര്‍ കണ്ണൂരില്‍നിന്ന് 7.15നും കച്ചിഗുഡെ എക്‌സ്പ്രസ് ബുധന്‍, ശനി ദിവസങ്ങളിലും പുതുച്ചേരി എക്‌സ്പ്രസ് ഞായര്‍ ദിവസങ്ങളിലും തൊട്ടുരുമ്മിയാണ് യാത്ര ചെയ്യുന്നത്. ദിനംപ്രതിയുള്ള മലബാര്‍ 7.30നും കണ്ണൂര്‍ വിടുന്നുവെന്നതാണ് രസകരം. ഈ സമയം മൂന്നു ട്രെയിനുകളുടെയും സുഗമമായ ഓട്ടത്തിനെ ബാധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."