സ്വാതന്ത്ര്യം വേണ്ടെന്ന് ന്യൂ കാലിഡോണിയ
നൗമിയ: സ്വാതന്ത്ര്യം വേണ്ടെന്നു പ്രഖ്യാപിച്ച് ഫ്രാന്‍സിന്റെ പസഫിക് തീരത്തെ സ്വയം ഭരണപ്രദേശമായ ന്യൂ കാലിഡോണിയ. കാലിഡോണിയയില്‍ ഇന്നലെ നടന്ന ജനഹിത പരിശോധനയില്‍ 56.4 ശതമാനം പേരും ഫ്രാന്‍സിന്റെ ഭാഗമായി തന്നെ തുടരണമെന്ന് അഭിപ്രായപ്പെട്ടു. 43.6 ശതമാനം പേരാണു സ്വാതന്ത്ര്യത്തെ പിന്താങ്ങിയത്.
നേരത്തെ സര്‍വേ ഫലങ്ങള്‍ സൂചിപ്പിച്ചതിലും ശക്തമായ മത്സരമാണ് ജനഹിത പരിശോധനയില്‍ നടന്നത്. 81 ശതമാനം പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. 1988ല്‍ അന്നത്തെ ഫ്രഞ്ച്-ന്യൂ കാലിഡോണിയ അധികൃതര്‍ തമ്മിലുണ്ടായ കരാറിന്റെ അടിസ്ഥാനത്തിലാണ് ജനഹിത പരിശോധന നടന്നത്. സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവര്‍ 'യെസ് ' വിഭാഗവും, എതിര്‍ക്കുന്നവര്‍ 'നോ' വിഭാഗവുമായാണു നിര്‍ണയിച്ചിരുന്നത്. ഫ്രഞ്ച് റിപബ്ലിക്കില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ജനവിധി തെളിയിക്കുന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ മുഖ്യ ഘടകമായ നിക്കല്‍ ധാതുക്കളുടെ വന്‍ ശേഖരമാണ് ന്യൂ കാലിഡോണിയയിലുള്ളത്. ഇതിനാല്‍ തന്നെ രാഷ്ട്രീയപരമായും സാമ്പത്തികപരമായും ഏറെ പ്രാധാന്യമാണ് ഫ്രാന്‍സ് പ്രദേശത്തിനു നല്‍കുന്നത്.1853ലാണ് ന്യൂ കാലിഡോണിയ ഫ്രാന്‍സിന്റെ കോളനിയാകുന്നത്. 1980കളില്‍ ഫ്രഞ്ച് സൈന്യവും തദ്ദേശീയ സാമൂഹിക വിഭാഗമായ കനകുകളും തമ്മില്‍ രൂക്ഷമായ യുദ്ധം നടന്നു. ഇതില്‍ നാല് ഫ്രഞ്ച് അര്‍ധസൈനികരെ കനകുകള് വധിക്കുകയും 23 പേരെ ഗുഹകളില്‍ തടവുപുള്ളികളായി പിടിക്കുകയും ചെയ്തു.
തിരിച്ചടിയായി നിരവധി കനകുകളെ ഫ്രഞ്ച് സൈന്യം വധിച്ചു. തുടര്‍ന്ന് 1988ല്‍ ഇരുവിഭാഗം നേതാക്കളും തമ്മിലുണ്ടായ കരാറില്‍ യുദ്ധം അവസാനിപ്പിച്ച് സ്വയം നിര്‍ണയ ജനഹിത പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."