കപില്‍ദേവ് ഉപദേശകസമിതി അധ്യക്ഷസ്ഥാനം രാജിവച്ചു
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന കപില്‍ദേവ് ബി.സി.സി.ഐ ഉപദേശക സമിതി അധ്യക്ഷസ്ഥാനം രാജിവച്ചു. മൂന്ന് അംഗങ്ങളടങ്ങുന്ന ബി.സി.സി.ഐ ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരേ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഗുപ്ത ഭിന്നതാല്‍പര്യ ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് രാജി. ഇദ്ദേഹം ഭരണസമിതിക്ക് പരാതി നല്‍കുകയായിരുന്നു. ഒരേസമയം വിവിധ സംഘടനകളുടെ മേധാവിയായിരിക്കുന്നതാണ് കപില്‍ദേവിനെതിരേയുള്ള പ്രധാന ആരോപണം.
സുപ്രിംകോടതി നിയോഗിച്ച ഭരണസമിതിക്കാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍ രാജിവച്ചതിന്റെ കാരണം കപില്‍ വെളിപ്പെടുത്തിയിട്ടില്ല. കപില്‍ ഉള്‍പ്പെടുന്ന സമിതിക്കായിരുന്നു ഇന്ത്യയുടെ പുരുഷ, വനിതാ ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം. രവി ശാസ്ത്രിയെ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കമ്മിറ്റിക്കെതിരേ ആരോപണം ഉയര്‍ന്നത്.
പരാതിയില്‍ ബി.സി.സി.ഐ എത്തിക്‌സ് ഓഫിസര്‍ റിട്ട.ജസ്റ്റിസ് ഡി.കെ ജയിന്‍ ഉപദേശക സമിതിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഈ മാസം പത്തിനകം വിഷയത്തില്‍ അംഗങ്ങള്‍ മറുപടി നല്‍കണം. അല്ലാത്തപക്ഷം എത്തിക്‌സ് ഓഫിസര്‍ പരാതിയില്‍ സ്വമേധയാ തീരുമാനമെടുക്കും.
പുതുതായി രൂപീകരിച്ച ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ സ്റ്റിയറിങ് കമ്മിറ്റി അംഗവും ഡയരക്ടറുമാണ് കപില്‍ദേവ്. ടി.വി ചാനലുകളുമായുള്ള കൂട്ടുകെട്ടും കപില്‍ ദേവിനെതിരേ ഉയര്‍ന്നിരിക്കുന്ന ഭിന്നതാല്‍പര്യ ആരോപണത്തില്‍ ഉള്‍പ്പെടുന്നു. നേരത്തെ ഉപദേശക സമിതിയിലെ അംഗമായിരുന്ന ശാന്ത രംഗസ്വാമി സ്ഥാനം രാജിവച്ചിരുന്നു. കപിലും ശാന്ത രംഗസ്വാമിയും രാജിവച്ചതോടെ ഗെയ്ക്‌വാദും സ്ഥാനം ഒഴിഞ്ഞേക്കും. ഇന്ത്യന്‍ പരിശീലകരെ തെരഞ്ഞെടുത്തു കഴിഞ്ഞതിനാല്‍ കമ്മിറ്റിയുടെ രാജി ബി.സി.സി.ഐയെ കാര്യമായി ബാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."