ജില്ലാ സപ്ലൈ ഓഫിസറുടെ അഭാവം; നെട്ടോട്ടമോടി കാര്‍ഡുടമകള്‍
കാസര്‍കോട്: ജില്ലാ സപ്ലൈ ഓഫിസറുടെ അഭാവം കാരണം റേഷന്‍കാര്‍ഡ് ഉടമകള്‍ പ്രതിസന്ധിയില്‍. പാലക്കാട് സ്വദേശിയായ വനിതാ ഓഫിസര്‍ അസുഖത്തെ തുടര്‍ന്നാണ് അവധിയില്‍ പോയതെന്ന് ഓഫിസ് ജീവനക്കാര്‍ പറയുന്നു. ഈ മാസം ഒന്നിന് അവധി കഴിഞ്ഞു തിരികെ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇന്നലെ വരെയും ഇവര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല.നിലവില്‍ ജില്ലാ സപ്ലൈ ഓഫിസറുടെ ഇന്ചാര്ജിലുള്ളത് ഹൊസ്ദുര്‍ഗ് താലൂക് സപ്ലൈ ഓഫിസറാണ്. ഇതേ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളും താറുമാറായെന്ന ആരോപണമുണ്ട്.
പുതുക്കി കിട്ടിയ കാര്‍ഡുകളിലെ തെറ്റുകളുടെ കൂമ്പാരം ഒഴിവാക്കി കിട്ടാന്‍ മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് കാര്‍ഡുടമകളാണ് ഹൊസ്ദുര്‍ഗ് സപ്ലൈ ഓഫിസിന്റെ പടികള്‍ കയറിയിറങ്ങി നിത്യേന തിരികെ പോകുന്നത്. ഒന്‍പതുതവണ ഓഫിസില്‍ കയറിയിറങ്ങിയിട്ടും തന്റെ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തി കിട്ടിയിട്ടില്ലെന്ന് ഒരു കാര്‍ഡുടമ പറഞ്ഞു. ധനനഷ്ടവും സമയനഷ്ടവും ജോലിക്കു പോകാനാവാത്ത അവസ്ഥയുമാണ് ഹൊസ്ദുര്‍ഗ് താലൂക് സപ്ലൈ ഓഫിസിലെത്തുന്ന ഒട്ടനവധി കാര്‍ഡ് ഉടമകള്‍ക്ക് പറയാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."