ഖാസി കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കുക: ജിഫ്‌രി തങ്ങള്‍
സ്വന്തം ലേഖകന്‍
കാസര്‍കോട്: സമസ്തയുടെ സമുന്നത നേതാക്കളിലൊരാളും ഉത്തര മലബാറിലെ ആത്മീയ ജ്യോതിസുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ സമുദായത്തോട് മഹാപാതകമാണ് ചെയ്യുന്നതതെന്നും അത്തരക്കാരെ കരുതിയിരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 മുതല്‍ കാസര്‍കോട് ഒപ്പു മരച്ചോട്ടില്‍ ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന രാപകല്‍ സമരത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഖാസിയുടെ മരണം കൊലപാതകമാണെന്ന കാര്യത്തില്‍ സമസ്തയ്ക്ക് സംശയമില്ല. കേസ് വഴിതിരിച്ചുവിട്ടു ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും കുറ്റവാളികളെ രക്ഷിച്ചെടുക്കാനും ചില ഗൂഢനീക്കള്‍ നടക്കുന്നുണ്ടെന്നതും ഒരു വസ്തുതയാണ്. പക്ഷെ, ഞങ്ങള്‍ പിന്‍മാറാന്‍ ഒരുക്കമല്ല. സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ നിയമ പോരാട്ടവും ജനകീയ പോരാട്ടവുമായി സമസ്ത മുന്നോട്ടു പോകും.
സമസ്തയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തി എന്ന നിലയ്ക്ക് ഒരിക്കലും ആത്മഹത്യപോലുള്ള സംഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നമുക്കെല്ലാം ഉറപ്പാണ് ഇതൊരു ആത്മഹത്യയല്ല. ഇതിന്റെ പിന്നില്‍ ചില രഹസ്യങ്ങളും ഗൂഢസംഭവങ്ങളും ആരോ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതു പുറത്തുകൊണ്ടുവരണം. ഏതറ്റം വരെ പോയാലും സത്യാവസ്ഥ ജനമധ്യത്തില്‍ കൊണ്ടുവരണം. അത്രയും വലിയ ദുഷ്പ്രവൃത്തി സി.എം ഉസ്താദിനോടും കുടുംബത്തോടും മാത്രമല്ല ഈ സമുദായത്തോടുമാണ് ദുഷ്ടശക്തികള്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ കരുതിക്കൂട്ടി വരുത്തിവച്ച വീഴ്ചയാണ് ഈ കേസ് ഇത്രയും നീണ്ടു പോകാന്‍ ഉണ്ടായ കാരണമെന്ന് ചടങ്ങില്‍ സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
ഒരുപാട് സാഹചര്യ തെളിവുകള്‍ വച്ചുനോക്കുമ്പോള്‍ ഇതിനു പിന്നില്‍ വലിയ കരങ്ങളുടെ നിഗൂഢമായ പ്രവര്‍ത്തനം ഉണ്ടെന്നാണ് മനസിലാകുന്നത്. വസ്തുതകള്‍ മൂടിവയ്ക്കാനുള്ള ആസൂത്രിത നീക്കവും നടന്നിട്ടുണ്ട്.
ഒരന്വേഷണവും ഫലപ്രദമായില്ല എന്നതില്‍ സങ്കടമുണ്ട്. പാര്‍ലമെന്റിന്റെ അകത്തും പുറത്തും ഇനിയുള്ള നാളുകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെടുമെന്നും ഒരു വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ഈ സമരം വെറുതെയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖാസി ത്വാഖ അഹമ്മദ് അല്‍അ്‌സരി അധ്യക്ഷത വഹിച്ചു. നിലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, സി.കെ.കെ മാണിയൂര്‍, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, അബ്ദുസ്സലാം ദാരിമി ആലമ്പാടി, സിദ്ദീഖ് നദ്‌വി ചേരൂര്‍, എം. മൊയ്തു മൗലവി കാഞ്ഞങ്ങാട്, അബ്ബാസ് ഫൈസി പുത്തിഗെ, അബൂബക്കര്‍ സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി, സുഹൈര്‍ അസ്ഹരി, അഡ്വ.ഹനീഫ് ഹുദവി, അബ്ദുല്‍ അസീസ് അശ്‌റഫി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സുബൈര്‍ ദാരിമി പൈക്ക, കല്ലട്ര അബ്ബാസ് ഹാജി, റശീദ് ഹാജി കല്ലിങ്കാല്‍, സി.എ മുഹമ്മദ് ശാഫി, യൂസഫ് ബാഖവി ഖാസിലേന്‍, അബ്ദുല്‍ ഖാദിര്‍ സഅ്ദി, മൊയ്തു ചെര്‍ക്കള, യൂസുഫ് ഉദുമ, മുസ്തഫ സര്‍ദാര്‍, താജുദ്ദീന്‍ പടിത്താര്‍, ശരീഫ് ചെമ്പരിക്ക, താജുദ്ദീന്‍ ചെമ്പരിക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ഉദുമ സ്വാഗതവും ഉബൈദുല്ലാഹ് കടവത്ത് നന്ദിയും പറഞ്ഞു. ഖാസി സമരം സംസ്ഥാന തലത്തേക്ക് വ്യാപിപ്പിക്കാനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."