സൗജന്യമായി അരി വിതരണം: മൂന്നാക്കല്‍ പള്ളി മതസൗഹാര്‍ദത്തിന്റെ പ്രതീകമാകുന്നു
വളാഞ്ചേരി: ജില്ലയിലെ വളാഞ്ചേരിക്കടുത്ത് എടയൂര്‍ മൂന്നാക്കല്‍ പള്ളി മതസൗഹാര്‍ദത്തിന്റ പ്രതീകമാകുന്നു. ജാതി-മത വ്യത്യാസമന്യേ ആഴ്ചതോറും മൂന്നാക്കല്‍ പള്ളിയില്‍ വെച്ച് ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് സൗജന്യമായി അരി വിതരണം ചെയ്തുവരുന്നത്. നേര്‍ച്ചയായി പള്ളിയിലേക്ക് ലഭിക്കുന്ന അരി വാങ്ങുവാന്‍ വിവിധ മഹല്ലുകളില്‍ നിന്നായി ആയിരങ്ങളാണ് റമദാനിലെ അവസാന ഞായറാഴ്ച ഇവിടേക്ക് ഒഴുകിയെത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൂന്നാക്കല്‍ പള്ളിയില്‍ അരി വിതരണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നേര്‍ച്ചയായി അരി നല്‍കിയാല്‍ പ്രത്യേക ഫലം കിട്ടുമെന്ന വിശ്വാസം മൂലം ജാതി -മത ഭേദമെന്യേ ധാരാളം ആളുകള്‍ പള്ളിയിലേക്ക് അരി നല്‍കിതുടങ്ങി. ആദ്യ കാലത്ത് ഇങ്ങനെ കിട്ടിയ അരി കഞ്ഞിവെച്ച് പാവങ്ങള്‍ക്ക് നല്‍കുകയായിരുന്നു പതിവ്. അരിയുടെ വരവ് വര്‍ധിച്ചതോടുകൂടി അരി നേരിട്ട് നല്‍കുവാന്‍ തുടങ്ങി. ഇന്ന് ആഴ്ചയില്‍ 3800 ചാക്ക് അരി ഇവിടെ വിതരണം ചെയ്യുന്നുണ്ട്.
റമദാന്‍ കാലമായാല്‍ അരി വിതരണത്തിന്റെ അളവ് വര്‍ധിക്കും. മഹല്ല് കമ്മിറ്റി വിതരണം ചെയ്യുന്ന പ്രത്യേക കാര്‍ഡ് ലഭിച്ചവര്‍ക്കാണ് അരി നല്‍കിവന്നിരുന്നത്. 1997 മുതലാണ് കാര്‍ഡ് സംവിധാനത്തിലേക്ക് മാറിയത്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി പള്ളിയുടെയും അതുമായി ബന്ധപെട്ട സ്ഥാപനങ്ങളുടെയും ചുമതല വഖഫ് ബോര്‍ഡ് ഏറ്റെടുത്തതോടെ അരിവിതരണം ഉള്‍പ്പടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വഖഫ്‌ബോര്‍ഡ് നേതൃത്വത്തിലാണ് നടന്നുവരുന്നത്. ഓരോ വര്‍ഷവും കാര്‍ഡുകള്‍ പുതുക്കിനല്‍കുകയും പുതിയ കാര്‍ഡുകള്‍ അനുവദിക്കുകയും ചെയ്യുന്നു. 700-പരം മഹല്ലു കമ്മറ്റികള്‍ വഴിയാണ് ജാതി-മത ഭേദമെന്യേ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും കാര്‍ഡുകള്‍ അനുവദിക്കുകയും ചെയ്യുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുമായി 17,000 കുടുംബങ്ങള്‍ക്ക് പള്ളിയില്‍ നിന്നും അരി ലഭിക്കുന്നു.
ഞായറാഴ്ചകളില്‍ രാവിലെ ഏഴ് മണി മുതല്‍ 12മണിവരെയും റമദാനില്‍ രാവിലെ ആറിന് ആരംഭിച്ച് വൈകുന്നേരം വരെയും തുടരും. സാധാരണ രണ്ടാഴ്ച കൂടുമ്പോഴാണ് അരിവിതരണം നടത്തുന്നത് എന്നാല്‍ റമദാനില്‍ എല്ലാഞായറാഴ്ചയും വിതരണം ചെയ്യുന്നു. സാധാരണ ഒരുകുടുംബത്തിന് ശരാശരി 10 കിലോയില്‍ കൂടുതല്‍ അരി ലഭിക്കുമെങ്കില്‍ റമദാനില്‍ ഇത് ഇരട്ടിയായി വര്‍ധിക്കും. മൂന്നാക്കല്‍ പള്ളിയുടെ മാഹാത്മ്യമറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെയെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."