സഊദി ഭരണം യുവനേതൃത്വത്തിലേക്ക്
സഊദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി സല്‍മാന്‍ രാജാവിന്റെ മകനും സഊദി രാഷ്ട്രപിതാവ് അബ്ദുല്‍ അസീസിന്റെ പേരക്കിടാവുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദിനെ പ്രഖ്യാപിച്ചത് ലോകമാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി മാറിയിരിക്കുകയാണ്. സഹോദരന്മാരിലൂടെ അധികാരം കൈമാറിവന്നിരുന്ന അവസ്ഥയില്‍നിന്നു മക്കളിലേക്ക് ചെങ്കോല്‍ കൈമാറുന്ന രീതിയിലേക്കു മാറണമെന്ന സല്‍മാന്‍ രാജാവിന്റെ തീരുമാനമാണിവിടെ നടപ്പായിരിക്കുന്നത്. ഇതോടെ സഊദിഭരണത്തില്‍ പുതിയൊരു അധ്യായം കുറിക്കപ്പെടുകയാണ്.
സഹോദരനില്‍നിന്നു മകനിലേക്കുള്ള അധികാരം മാറുന്നതിന്റെ തുടക്കമെന്ന നിലയ്ക്കല്ല പിന്തുടര്‍ച്ചാവകാശി പ്രഖ്യാപനത്തിലെ ഈ പ്രത്യേകതയെ ലോകം കാണുന്നത്. പ്രതിഭയുള്ള കൈകളിലേക്കാണു സഊദിയുടെ ഭരണം പോകുന്നതെന്നതിന്റെ സൂചനകൂടിയാണത്. കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെടുംമുമ്പു തന്നെ ഇരുത്തംവന്ന നിലപാടുകളിലൂടെയും ഇടപെടലുകളിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ മുഹമ്മദ് ബിന്‍ സല്‍മാനു കഴിഞ്ഞിട്ടുണ്ട്.
സഊദി പ്രതിരോധ മന്ത്രിയെന്ന നിലയിലെ ഇരുത്തം വന്ന ഇടപെടലുകളിലൂടെ ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. രാജ്യത്തിനകത്ത് അദ്ദേഹം ആദരപാത്രമാണ്. പ്രത്യേകിച്ച്, യുവാക്കളുടെ ഹരമായി മാറിയിരുന്നു. അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവു തിരിച്ചറിഞ്ഞാണ് പാശ്ചാത്യ മാധ്യമങ്ങള്‍ 'മിസ്റ്റര്‍ എവരിതിങ് ' എന്ന വിശേഷണം നല്‍കിയത്. രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ അവസരോചിതമായ ഇടപെടലിനുള്ള അംഗീകാരമാണ് സഊദി പ്രതിരോധമന്ത്രിയുടെ സ്ഥാനത്തുനിന്ന് ഉപപ്രധാനമന്ത്രിപദത്തിലേക്കും ഉപകിരീടാവകാശിപദവിയില്‍നിന്നു കിരീടാവകാശി സ്ഥാനത്തേക്കും മുഹമ്മദ് സല്‍മാന്‍ എന്ന മുപ്പത്തിയൊന്നുകാരന്‍ ഉയര്‍ത്തപ്പെടുന്നത്.
സാമ്പത്തികനട്ടെല്ലായിരുന്ന എണ്ണവിപണിയുടെ കൂപ്പുകുത്തല്‍മൂലം സഊദി സാമ്പത്തികമായി തളര്‍ന്നപ്പോള്‍ ശക്തമായ ഇടപെടലിലൂടെ അദ്ദേഹം സാമ്പത്തികനില പിടിച്ചുയര്‍ത്തി. ആഗോള എണ്ണവിലയിടിവില്‍ സഊദിയുടെ പ്രധാന വരുമാനസ്രോതസ്സില്‍ വിള്ളല്‍വീണപ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണു 'വിഷന്‍ ഫോര്‍ ദ് കിങ്ഡം ഓഫ് സഊദി അറേബ്യ' അവതരിപ്പിക്കപ്പെട്ടത്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കാലോചിതമായ മാറ്റങ്ങള്‍ക്കും സാമൂഹിക,സാമ്പത്തികപരിഷ്‌കരണങ്ങള്‍ക്കും ഉന്നംവച്ചുള്ള പദ്ധതിയാണിത്. 2020 ഓടെ എണ്ണയല്ലാത്ത സ്രോതസ്സുകളില്‍നിന്ന് 100 ബില്യണ്‍ ഡോളര്‍ വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെയാണ് പല നടപടികള്‍ കൊണ്ടുവന്നത്. സാമ്പത്തികരംഗത്തെ പിടിച്ചുയര്‍ത്താനുള്ള സമിതിയുടെ തലവനായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ തന്റെ കഴിവും നീക്കവും അദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തു. രണ്ടു വര്‍ഷംമുന്‍പ്, സല്‍മാന്‍ രാജാവ് സഊദിയുടെ ഭരണത്തിലേറിയ നാള്‍ മുതല്‍ മകനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഈ പദവിയിലേക്കുള്ള കടന്നുവരവ് അറബ്‌രാഷ്ട്രീയം നിരീക്ഷിക്കുന്ന പലരും പ്രതീക്ഷിച്ചിരുന്നു. അത്തരത്തില്‍ പ്രവചനങ്ങളുമുണ്ടായിരുന്നു. ആ പ്രവചനങ്ങളും പ്രതീക്ഷയും അസ്ഥാനത്തായിരുന്നില്ലെന്നു തെളിഞ്ഞിരിക്കുകയാണ്.
സല്‍മാന്‍ രാജാവിന്റെ മൂന്നാംഭാര്യ ഹഹ്ദ ബിന്‍ത് ഫലാഹ് ബിന്‍ സുല്‍ത്താനിലുള്ള നാലുമക്കളില്‍ മൂത്തവനാണ് മുഹമ്മദ് രാജകുമാരന്‍. നിയമത്തില്‍ ബിരുദമുള്ള സല്‍മാന്‍ രാഷ്ട്രീയത്തിലേക്കു സജീവമായി കടക്കുന്നതിനു മുന്‍പു സ്വകാര്യമേഖലയിലാണു പ്രവര്‍ത്തിച്ചത്. പിതാവ് രാജാവായി ചുമതലയേറ്റ സമയത്തുതന്നെ പ്രതിരോധമന്ത്രിയായി നിയമിക്കപ്പെട്ടു. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അന്നു ഇരുപത്തി ഒമ്പതുകാരനായ മുഹമ്മദ് രാജകുമാരന്‍.
ജീവകാരുണ്യരംഗത്തും യുവജനക്ഷേമരംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. അദ്ദേഹം 2011ല്‍ സ്ഥാപിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ചാരിറ്റി ഫൗണ്ടേഷന്‍ അഥവാ മിസ്‌ക് ഫൗണ്ടേഷന്‍ ഇന്നു ലോകത്തെ ഏറ്റവും മികച്ച ജീവകാരുണ്യപ്രസ്ഥാനങ്ങളില്‍ ഒന്നാണ്.
അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യഭരണകൂടങ്ങളുമായും മുഹമ്മദ് ബിന്‍ സല്‍മാനു നല്ല ബന്ധമാണുള്ളത്. അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഡൊണാള്‍ഡ് ട്രംപ് നടത്തിയ ആദ്യ വിദേശസന്ദര്‍ശനം സഊദിയിലേക്കായിരുന്നു. ആ ചരിത്രസന്ദര്‍ശനത്തിനു മുഖ്യപങ്കുവഹിച്ചത് മുഹമ്മദായിരുന്നു. മാത്രമല്ല, ട്രംപിന്റെ സ്ഥാനാരോഹണത്തിനു ശേഷം ആദ്യമായി ഒരു വിദേശരാഷ്ട്രനേതാവുമായി നടത്തിയ അഭിമുഖവും മുഹമ്മദ് ബിന്‍ സല്‍മാനോടായിരുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയശേഷം ഒബാമ പറഞ്ഞത്, അപാരമായ അറിവുള്ള വളരെ ഊര്‍ജസ്വലനായ വ്യക്തിയാണു മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നായിരുന്നു.
ഇറാനിയന്‍ സഹായമുള്ള യെമനിലെ ഹൂതികളുമായി യുദ്ധമുണ്ടായത് മുഹമ്മദ് രാജകുമാരന്‍ പ്രതിരോധമന്ത്രിയായപ്പോഴാണ്. ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തതും അദ്ദേഹം തന്നെയാണെന്നാണു നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സഊദി സാമ്പത്തികരംഗത്തു കുതിച്ചുചാട്ടം നടത്തുന്നതിനു ചുക്കാന്‍ പിടിച്ച വ്യക്തിയായ ഇദ്ദേഹത്തിന്റെ കിരീടാവകാശപ്രഖ്യാപനത്തോടെ സഊദി സാമ്പത്തികരംഗം ശക്തിയാര്‍ജിച്ചത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. പുതിയ കിരീടാവകാശിയെ നിയമിച്ച പ്രഖ്യാപനം വന്നതോടെ സഊദി സ്റ്റോക്ക് മാര്‍ക്കറ്റ് നാലുശതമാനമാണ് ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."