കളിമറന്ന് ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ നേടിയ മേധാവിത്വം രണ്ടാമങ്കത്തില്‍ നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ അദ്യ തോല്‍വി. തിങ്ങി നിറഞ്ഞ മഞ്ഞപ്പടക്ക് മുന്നില്‍ മുംബൈ സിറ്റിക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് അടിയറവ് പറഞ്ഞത്.
കളിമറന്ന ബ്ലാസ്റ്റേഴ്‌സിനു നേരെ മുംബൈയുടെ കരുനീക്കങ്ങള്‍ വിജയിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം തകര്‍ത്ത് നീങ്ങിയ മുംബൈക്ക് എതിരേ പല അവസരങ്ങളും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ആദ്യ പകുതി സമനിലയില്‍ കലാശിച്ചെങ്കിലും രണ്ടാം പകുതിയില്‍ ചെര്‍മിറ്റി നേടിയ ഗോളിലാണ് മുംബൈ എഫ്.സി വിജയം നേടിയത്. അവസരത്തിനൊത്ത് ഉയരാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ അശങ്ക സൃഷ്ടിച്ചുകൊണ്ടാണ് കളം വിട്ടത്.
കളിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു ആധിപത്യം. ആദ്യമിനുട്ടില്‍തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റമായിരുന്നു. വലതുവിങ്ങിലൂടെ കുതിച്ച പ്രശാന്തിന്റെ ദുര്‍ബലമായ ഷോട്ട് മുംബൈ ഗോളി അമരീന്ദര്‍ കൈപ്പിടിയിലൊതുക്കി. നാലാം മിനുട്ടില്‍ തുണീഷ്യയില്‍നിന്നുള്ള അമിനെ ചെമിറ്റിയെ ബ്ലാസ്റ്റേഴ്‌സ് താരം സുവര്‍ലലോണ്‍ ബോക്‌സില്‍ വീഴ്ത്തിയെങ്കിലും റഫറി മുംബൈക്ക് പെനാല്‍റ്റി നല്‍കിയില്ല. മികച്ച മുന്നേറ്റമായിരുന്നു മുംബൈ പിന്നീട് കാഴ്ചവച്ചത്.
തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ മുംബൈ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിച്ചു. പ്രതിരോധത്തിന്റെ കനത്ത ഇടപെടലായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ ഗോളില്‍നിന്ന് രക്ഷിച്ചത്. കഴിഞ്ഞ മത്സരത്തില്‍നിന്ന് വ്യത്യസ്തമായി ഗോള്‍കീപ്പര്‍ ബിലാല്‍ ഖാനും ബാറിന് കീഴെ മികച്ചു നിന്നു. ആദ്യപകുതിയുടെ പകുതി സമയം പിന്നിട്ടശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ മികച്ച ആക്രമണങ്ങള്‍ നടത്തിയത്. ഇടയ്ക്ക് പ്രശാന്തിന്റെയും നര്‍സാരിയൂടെയും മുന്നേറ്റങ്ങള്‍ കണക്ട് ചെയ്യാന്‍ ആളുണ്ടാവാതിരുന്നതോടെ ആ അവസരങ്ങളും നഷ്ടമായി.
38-ാം മിനുട്ടില്‍ മുംബൈക്ക് നല്ല അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 41-ാം മിനുട്ടില്‍ മുംബൈ കോച്ച് ലൈനപ്പില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. പൗലോ മച്ചാഡോയ്ക്കും ഗ്രജിച്ചിനും പകരം പ്രതീക് ചൗധരിയും സൗഗൗവും ഇറങ്ങി. 43-ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും കാര്യമുണ്ടായില്ല.
ബ്ലാസ്റ്റേഴ്‌സിനനുകൂലമായി ലഭിച്ച ഫ്രീകിക്കിനൊടുവില്‍ ജെയ്‌റോ നല്ലൊരു ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും മുംബൈ ഗോളി അമരീന്ദര്‍ സുന്ദരമായി കൈയിലൊതുക്കിയതോടെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതി ആരംഭിച്ച് 9 മിനുട്ട് ആയപ്പോള്‍ മുംബൈ സിറ്റിക്ക് സുന്ദരമായ അവസരം ലഭിച്ചു. എന്നാല്‍ ബോക്‌സിനുള്ളില്‍നിന്ന് സൗഗൗവിന്റെ ഷോട്ട് പുറത്തുപോയി. 54-ാം മിനുട്ടില്‍ ഫോമിലല്ലാതിരുന്ന നര്‍സാരിയെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ് മലയാളിയും അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുകയും ചെയ്ത കെ.പി രാഹുലിനെ കളത്തിലിറക്കി.
പിന്നീട് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നു. വലതുവിങില്‍ പ്രശാന്തും ഇടതുവിങില്‍ രാഹുലും മികച്ച പ്രകടനം നടത്തിയതോടെ പലപ്പോഴും മുംബൈ ഗോള്‍മുഖം വിറച്ചു. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ കടുപ്പിച്ചതോടെ മുംബൈ താരങ്ങള്‍ കൂടുതല്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. 63ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അവസരം നേരിയ വ്യത്യാസത്തിന് പുറത്തുപോയി. അവര്‍ക്ക് ലഭിച്ച കോര്‍ണറിനൊടുവില്‍ കെനെയ്‌റോ തൊടുത്ത വലംകാലന്‍ ഷോട്ട് പറന്നുയര്‍ന്ന മുംബൈ ഗോളി അമരീന്ദറിനെ കീഴടക്കിയെങ്കിലും ക്രോസ്ബാറിനെ ഉരുമ്മി പുറത്തേക്ക് പറന്നു.
68ാം മിനുട്ടില്‍ സിഡോഞ്ചോയെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ് റാഫേല്‍ മെസ്സിയെ കളത്തിലിറക്കി. തൊട്ടുപിന്നാലെ മികച്ച ഒരു മുന്നേറ്റം ബെസ്സി നടത്തിയെങ്കിലും കണക്ട് ചെയ്യാന്‍ സഹതാരങ്ങള്‍ക്കായില്ല. മെസ്സി കൂടി ഇറങ്ങിയതോടെ മുംബൈ പ്രതിരോധത്തിലായി. പിന്നീട് ബ്ലാസ്റ്റേഴ്‌സ് രണ്ട് വിങ്ങുകളില്‍ക്കൂടിയും ആക്രമണങ്ങളുടെ തിരമാല തീര്‍ക്കുന്നതാണ് മൈതാനത്ത് കണ്ടത്. 78ാം മിനുട്ടില്‍ പ്രശാന്തിന് പകരം സഹല്‍ അബ്ദുല്‍ സമദിനെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. മൂന്നുമിനുട്ടിനുശേഷം ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് മുംബൈ ലീഡ് നേടി.
82ാം മിനുട്ടില്‍ ബോക്‌സിന്റെ വലതുകോര്‍ണറില്‍നിന്ന് സൗവിക് ചക്രവര്‍ത്തി നല്‍കിയ നിലംപറ്റിവന്ന ക്രോസ് തടയാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ രണ്ടുപേര്‍ക്കു സാധിക്കുമായിരുന്നെങ്കിലും അശ്രദ്ധ വിനയായി. കനെയ്‌റോയുടെ കാലിലുരുമ്മി പന്ത് ചേമിറ്റിയുടെ കാലിലേക്ക്. തക്കം പാര്‍ത്തിരുന്ന ചെര്‍മിറ്റി അനായാസം പന്ത് വലയിലാക്കി.
തുടര്‍ന്ന് ഗോള്‍ മടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും മുംബൈ സിറ്റി പ്രതിരോധകോട്ട കെട്ടി കാത്തതോടെ മുന്നേറ്റങ്ങളെല്ലാം പാതിവഴിയില്‍ അവസാനിച്ചു.
കളിയുടെ പരുക്ക് സമയത്ത് സഹലിന്റെ പാസില്‍നിന്ന് ഒഗ്‌ബെച്ചെ വെടിയുണ്ട കണക്കെ ഒരു ഷോട്ട് ഉതിര്‍ത്തെങ്കിലും മുംബൈ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തിയതോടെ രണ്ടാം കളിയില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി സമ്മതിക്കേണ്ടിവന്നു. നവംബര്‍ 2ന് എവേ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.
എ.ടി.കെക്കെതിരേ വിജയിച്ച അതേ ഇലവനെയാണ് ഷറ്റോരി ബ്ലാസ്റ്റേഴ്‌സ് നിരയില്‍ അണിനിരത്തിയത്. 4-2-3-1 ശൈലിയിലാണ് ഇന്നലെയും കോച്ച് ബ്ലാസ്റ്റേഴ്‌സിനെ വിന്യസിച്ചത്. മറുവശത്ത് മുംബൈ സിറ്റി ആക്രമണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 4-3-3 രീതിയാണ് അവലംബിച്ചത്. മുംബൈ നിരയില്‍ ഗോള്‍വലക്ക് മുന്നില്‍ അമരീന്ദര്‍ എത്തിയപ്പോള്‍ പ്രതിരോധത്തില്‍ സുഭാശിഷ് ബോസ്, മാറ്റോ ഗ്രജിച്ച്, സാര്‍ഥക് ഗ്ലുയി, സൗവിക് ചക്രവര്‍ത്തി എന്നിവരാണ് ഇറങ്ങിയത്. മധ്യനിരയില്‍ പൗലോ മച്ചാഡോ, റൗളിന്‍ ബോര്‍ജസ്, റെയ്‌നര്‍ ഫെര്‍ണാണ്ടസ് എന്നിവരും മുന്നേറ്റത്തില്‍ ഡീഗോ കാര്‍ലോസ്, അമിനെ ചെര്‍മിറ്റി, മുഹമ്മദ് ലാര്‍ബി എന്നിവരും മുംബൈക്കായി എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."