ദാദ വെറും പേരിനോ? ബി.സി.സി.ഐയുടെ 'ദാദ' ജയ് ഷാ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബി.സി.സി.ഐ) യുടെ 39-ാമത് അധ്യക്ഷനായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. ഗാംഗുലിയെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വലിയ ആരവത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ അതേറ്റെടുത്തത്. സാമൂഹ്യമാധ്യമങ്ങളില്‍ ദാദയുടെ വാഴ്ത്തുപാട്ടുകള്‍ നിറഞ്ഞു. എന്നാല്‍ അതിനിടയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ മകന് ജയ് ഷായെ ബി.സി.സി.ഐയുടെ പ്രധാന സ്ഥാനത്ത് കുടിയിരുത്തിയത് അധികമാരും ചര്‍ച്ചചെയ്തില്ല. എല്ലാം ദാദ മയത്തില്‍ മുങ്ങിപ്പോയി.
എന്നാല്‍ ഗാംഗുലിയും പുതിയ സംഘവും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ജയ് ഷാ കസേരയില്‍ ഇരുന്നും ഗാംഗുലി അടക്കമുള്ള മറ്റുള്ളവര്‍ പിറകില്‍ നില്‍ക്കുന്നതുമാണ് ചിത്രം.
ജയ് ഷാ ബി.സി.സി.ഐയുടെ സെക്രട്ടറിയാണ്. അതായത് ഗാംഗുലിക്ക് കീഴിലുള്ളയാള്‍. എന്നാല്‍ ഗാംഗുലിക്ക് പേരിനൊരു അധ്യക്ഷന്‍ മാത്രമാണോ അതോ, എല്ലാം നിയന്ത്രിക്കുന്ന് അമിത്ഷായുടെ മകനാണോ എന്നാണ് ഈ ചിത്രം ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ലോകം ചോദിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിനെ നവീകരിക്കാന്‍ ജസ്റ്റിസ് ലോധ അധ്യക്ഷനായ സമിതി നിദേശിച്ചതനുസരിച്ച് വിനോദ് റായ് അധ്യക്ഷനായ സമിതിയാണ് കഴിഞ്ഞ 33 മാസക്കാലം ബി.സി.സി.ഐ ഭരണം നിര്‍വഹിച്ചിരുന്നത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതോടെ വിനോദ് റായ് സമിതിയുടെ ദൗത്യം കഴിഞ്ഞു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഏകപക്ഷീയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."