ഞാങ്ങാട്ടിരിയില്‍ നിന്നും ഗവിയിലേക്കൊരു കെ.എസ്.ആര്.ടി.സി
കൂറ്റനാട്: രതീഷ് പട്ടാമ്പിയുടെ കരവിരുതില്‍ വിരിഞ്ഞ കെ.എസ്.ആര്.ടി.സി ബസിന്റെ മാതൃക ഗവിയിലേക്ക് യാത്ര തിരിച്ചു. ഗവിയിലെ കെ.എസ്.ആര്.ടി.സി ജീവനക്കാരനായ സുഹൃത്തിന്റെ വിവാഹത്തിന് സമ്മാനിക്കാനായി കൂട്ടുകാരുടെ നിര്‍ദേശപ്രകാരമാണ് രതീഷ് പട്ടാമ്പി എന്ന കലാകാരന് കെ.എസ്.ആര്.ടി.സി ബസിന്റെ ചെറുമാതൃക തീര്‍ത്തത്.
ഇരുമ്പ്, കോറക്സ്, എംസീല്‍, പെയിന്റ് തുടങ്ങിയ ഉപയോഗിച്ചാണ് ഒരാഴ്ച കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന രതീഷ് കലാഭവന്‍ മണിയുടെ നിരവധി ചിത്രങ്ങളില്‍ കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കൂറ്റനാട് ഞാങ്ങാട്ടിരി തോട്ടുമോതിക്കല് രതീഷ് എന്ന കലാകാരന് രതീഷ് പട്ടാമ്പി എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി പട്ടാമ്പിയില്‍ 50 അടി നീളത്തിലും 40 അടി വീതിയിലുമായി നിര്‍മിച്ച മെസിയുടെ രൂപവും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പട്ടാമ്പിയില്‍ റണ്‍ ആര്‍ട്സ് എന്ന സ്ഥാപനം നടത്തി വരുന്ന ഇദ്ദേഹം അടുത്തതായി ഏറ്റെടുത്തിരിക്കുന്നത് സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് വീടിന്റെ അതേ മാതൃക സമ്മാനമായി നല്കുവാനുള്ള പ്രവര്‍ത്തിയാണ്. ഭാര്യ സുനിതയും മക്കളായ അഭിജിത്ത്, അഭിലാഷ്, അഭിനശ്രീയും ശക്തി പകര്‍ന്ന് കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."