പകര്‍ച്ചപ്പനി; പ്രതിരോധ നടപടി ഊര്‍ജിതമാക്കാന്‍ തീരുമാനം
ചാവക്കാട്: മഴക്കാല ശുചീകരണവും പകര്‍ച്ചപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിനായി 30ന് പുത്തന്‍ കടപ്പുറം ഫിഷറീസ് ടെക്‌നികല്‍ സ്‌കൂളിലും ജൂലൈ അഞ്ചിന് നഗരസഭ ചത്വരത്തിലും ആയുര്‍വേദ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
നഗരസഭയുടെ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ജൂണ്‍ 27, 28, 29 തിയതികളില്‍ പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് 27ന് വൈകീട്ട് നാലിന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍, ട്രേഡ് യൂനിയന്‍, എന്‍.എസ്.എസ്, സ്‌കൂള്‍ പ്രധാനാധ്യാപകര്‍, പി.ടി.എ. പ്രസിഡന്റുമാര്‍, ക്ലബുകള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേരും.
ജൂണ്‍ 27ന് രാവിലെ ബൈപാസ് പരിസരവും ബസ്സ്റ്റാന്‍ഡ് പരിസരവും ശുചീകരിക്കുന്നതിനും ജൂണ്‍ 28ന് വാര്‍ഡ് തലത്തിലും സ്ഥാപനതലത്തിലും ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനും തീരുമാനിച്ചു.
ജൂണ്‍ 29ന് ബീച്ച് പരിസരങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. എന്‍.ആര്‍.എച്ച്.എം, ശുചിത്വമിഷന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് വാര്‍ഡ്തല സാനിട്ടേഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതാണ് മറ്റൊരു പ്രധാന തീരുമാനം.
പകര്‍ച്ചപ്പനിക്കെതിരായ ഹോമിയോ മരുന്നുകള്‍ വാര്‍ഡ് കൗണ്‍സിലര്‍, വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ എല്ലാ വീടുകളിലും വിതരണം ചെയ്യാനും തീരുമാനമായി.
കൊതുക് നിയന്ത്രണത്തിന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി നോട്ടിസ് വിതരണം ചെയ്യാനും ഹോട്ടലുകള്‍, കല്യാണമണ്ഡപങ്ങള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു.
ഹോട്ടലുകള്‍, കല്യാണ മണ്ഡപങ്ങള്‍, കാറ്ററിങ് യൂനിറ്റുകള്‍ എന്നിവരുടെ യോഗം ജൂലൈ ഒന്നിന് ചേരാന്‍ തീരുമാനിച്ചു. മാലിന്യം തെരുവില്‍ തള്ളുന്നത് തടയാന്‍ പൊലിസ് സഹായം തേടാനും കൗണ്‍സില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."