ഹൈവേ കേന്ദ്രീകരിച്ച് കാറിലിരിക്കുന്നവരെ ഭീഷണിപ്പെടുത്തി കവര്‍ച്ച; യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: കാറിലിരിക്കുന്ന യുവതി യുവാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും അപഹരിച്ച സംഘം അറസ്റ്റില്‍. വെയിലൂര്‍ ചെമ്പകമംഗലം വാര്‍ഡില്‍ ചെമ്പകമംഗലം രംഗം കല്യാണമണ്ഡപത്തിന് സമീപം വിളയില്‍ വീട്ടില്‍ വിപിന്‍ മനു (36), മണക്കാട് വില്ലേജില്‍ കുര്യാത്തി വാര്‍ഡില്‍ ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം എം.എസ്.കെ നഗറില്‍ താമസം അനീഷ് (24) എന്നിവരെയാണ് പേട്ട പൊലിസ് പിടികൂടിയത്.
തിരുവല്ലം കഴക്കൂട്ടം ബൈപാസിലെ തിരക്കെഴിഞ്ഞ സ്ഥലങ്ങളിലും സര്‍വിസ് റോഡിലെ ആളൊഴിഞ്ഞ ഭാഗങ്ങളിലും വാഹനം പാര്‍ക്ക് ചെയ്ത് ആള്‍തിരക്കില്ലാതെ റോഡരികിലും കാറിലെത്തുന്ന യുവതിയുവാക്കളെയാണ് സംഘം പിടിച്ചുപറക്ക് ഇരയാക്കുന്നത്. കാറുകളിലെത്തുന്ന ആളുകളെ രണ്ടാം പ്രതി അനീഷ് സ്‌കെച്ച് ചെയ്യും. തുടര്‍ന്ന് അവരുടെ വണ്ടി നമ്പരും ലൊക്കേഷനും അനീഷ് ഒന്നാം പ്രതി വിപിന് വാട്ട്‌സ്ആപ്പില്‍ അയച്ചു കൊടുക്കും. പിന്നെ വിപിനാണ് റോള്‍. വിപിന്‍ തന്റെ ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തി വാഹനത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുകയും പൊലിസില്‍ വിവരം അറിയിക്കണമെന്നും നാട്ടുകാരെ വിളിച്ചു കൂട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തും. മാനനഷ്ടം ഭയന്ന് വണ്ടിയില്‍ ഉളളവര്‍ കൈയിലുളള കാശും മൊബൈലും സ്വര്‍ണവും ഊരി നല്‍കും. പണം ഇല്ലെങ്കില്‍ എ.ടി.എം കാര്‍ഡ് വാങ്ങി പണം പിന്‍വലിച്ച് കാര്‍ഡ് തിരികെ നല്‍കും. ഇതൊന്നും നടന്നില്ലെങ്കില്‍ ഫോട്ടോയോ വീഡിയോയോ എടുത്ത ശേഷം ഫോണ്‍ നമ്പര്‍ വാങ്ങി വയ്ക്കും. പിന്നീട് മറ്റു ആളുകളുടെ കൈവശത്ത് നിന്ന് സമാനമായ രീതിയില്‍ തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് പണം ആവശ്യപ്പെടും. ആരും പരാതി നല്‍കിയില്ലായെന്ന് ഉറപ്പുള്ളതിനാല്‍ സംഘം 20 ഓളം കവര്‍ച്ചകള്‍ ഇതുവരെ നടത്തിയിട്ടുളളതായി പൊലിസ് അറിയിച്ചു. സമൂഹത്തിലെ ഉന്നതരും വിദ്യാര്‍ഥികളും ഈ സംഘത്തിന്റെ ഇരകളായിട്ടുണ്ട്. അടിക്കടി സിം മാറ്റി ഉപയോഗിച്ചിരുന്നതിനാല്‍ പ്രതിയെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ഇരകളില്‍ നിന്നും ലഭിക്കുന്ന സിം കാര്‍ഡ് ഉപയോഗിച്ചാണ് പ്രതി വിപിന്‍ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നത്. ഒടുവില്‍ പൊലിസ് തയാറാക്കിയ പദ്ധതി പ്രകാരം രണ്ടാം പ്രതിയായ അനീഷിനെ കസ്റ്റഡിയിലെടുത്ത് അനീഷിലൂടെ ഒന്നാം പ്രതി വിപിനില്‍ എത്തിച്ചേരുകയായിരുന്നു. കിംസ് ആശുപത്രിയ്ക്ക് സമീപം സമാനമായ രീതിയില്‍ പിടിച്ചുപറി നടത്താന്‍ പദ്ധതി തയാറാക്കി ഇരയെ കാത്ത് നില്‍ക്കുകയായിരുന്ന പ്രതിയെ വേഷം മാറി വന്ന പൊലിസ് പിടികൂടുകയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും പൊലിസിന് 15 ഓളം മെമ്മറി കാര്‍ഡുകളും, 30 ഓളം സിം കാര്‍ഡുകളും, 4 മൊബൈല്‍ ഫോണുകളും ലഭിച്ചു. സംഘം കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. ഒന്നാം പ്രതി വിപിന് കഴക്കൂട്ടം മംഗലാപുരം ക്രിമിനല്‍ കേസുകളും വാമനപുരം കഴക്കൂട്ടം എക്‌സൈസ് സര്‍ക്കിലും അബ്ക്കാരി കേസുകളും നിലവിലുണ്ട്.
ജില്ലാ പൊലിസ് മേധാവി പി. പ്രകാശ് ഐ.പി.എസിന്റെ നിര്‍ദേശാനുസരണം ഡി.സി.പി എല്‍ ആന്റ് ഒ ആദിത്യ .ആര്‍, ശംഖുംമുഖം അസി. കമ്മിഷണര്‍ ഷാനിഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പേട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സജുകുമാര്‍ ജി.പി, എസ്.ഐ വിനോദ് വിക്രമാദിത്യന്‍, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ മാരായ ഉദയകുമാര്‍, ജയദേവന്‍, ബിജു, സുരേഷ്, ശ്യാം, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."