യു.എ.പി.എ: വിരോധികള്‍ വക്താക്കളാവുമ്പോള്‍
യു.എ.പി.എക്കെതിരേ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിച്ച സി.പി.എം ഭരിക്കുമ്പോള്‍ തന്നെ, സ്വന്തം പ്രവര്‍ത്തകര്‍ക്ക് നേരെ പോലും അതേ കരിനിയമം ചുമത്തിയതിന്റെ പേരിലുള്ള കോലാഹലങ്ങള്‍ നടക്കുകയാണല്ലോ. 2007 ലാണ് കേരളത്തിലാദ്യമായി ഈ കരിനിയമം ചുമത്തുന്നത്. അതും വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഒരു ഇടതു ഭരണത്തില്‍! മാധ്യമ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോവിന്ദന്‍ക്കുട്ടിക്കെതിരേ ചുമത്തപ്പെട്ട ഈ കേസില്‍ ഒരു ദശാബ്ദ കാലത്തിനിപ്പുറവും ചാര്‍ജ് ഷീറ്റ് പോലും ഫയല്‍ ചെയ്യപ്പെട്ടിട്ടില്ല എന്നാണറിയുന്നത്.
സംസ്ഥാനത്തെ 162 യു.എ.പി.എ കേസുകള്‍ പുനഃപരിശോധിക്കുമെന്ന സര്‍ക്കാരിന്റെ 2017 ലെ വാഗ്ദാനം പാലിക്കപ്പെടാത്ത ജലരേഖയായി മാറിയിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലൂടെ വെളിപ്പെട്ടു കൊണ്ടിരിക്കുന്നത്. ആര്‍ക്കുമേല്‍ വേണമെങ്കിലും എപ്പോഴും നിര്‍ബാധം ചുമത്തപ്പെടാവുന്ന തരത്തില്‍ ഈ കരിനിയമം, ജനാധിപത്യ പ്രബുദ്ധതയുള്ള കേരളത്തില്‍ പോലും ഉപയോഗിക്കപ്പെടുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. മുന്‍ ഡി.ജി.പിയും ഇപ്പോള്‍ പരസ്യമായി സംഘ്പരിവാര്‍ അനുകൂലിയുമായ ടി.പി സെന്‍കുമാറിന്റെ കാലത്താണ് ആര്‍.എസ്.എസുകാരുടെ പരാതിയില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പോലും പൊലിസ് യു.എ.പി.എ ചുമത്തി വേട്ട തുടര്‍ന്നത്.
ഭരണഘടനയുടെ 14,19,21 തുടങ്ങിയ പരമ പ്രധാനങ്ങളായ അനുഛേദങ്ങള്‍ പൗരന്മാര്‍ക്കുള്ള അവകാശമായി വകവച്ച് നല്‍കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമാണതില്‍ പരമ പ്രധാനമായത്. എന്നാല്‍ ഭിന്നാഭിപ്രായങ്ങളെ കുറ്റകൃത്യമായി കാണുകയും അവരുടെ എല്ലാ വിധത്തിലുള്ള മൗലികാവകാശങ്ങളെയും നിഷേധിച്ചു കൊണ്ട് അനന്തകാലം നിയമത്തിലൂടെ കുരുക്കിയിടാനും ഭരണകൂടങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഈ കരിനിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്.
ഈ നിയമത്തിന്റെ അടിവേരുകള്‍ കിടക്കുന്നത് 1908 ലെ ബ്രിട്ടീഷ് നിയമത്തിലാണ്. ഇന്ത്യയിലെ ദേശീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഒരു കൊളോണിയല്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന 'നിയമ വിരുദ്ധമായ സംഘാടനത്തിനെതിരേ'യുള്ള നിയമം രൂപവും പേരും മാറി 1963 ലാണ് ജനാധിപത്യ ഇന്ത്യയിലാദ്യമായി പാസാക്കിയെടുക്കുന്നത്. ദേശീയ അഖണ്ഡതയുടെ പേരില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഓരോ കാലത്തും ഈ നിയമത്തെ 7 തവണ ഭേദഗതി ചെയ്ത് ഒട്ടനേകം പൗരന്മാര്‍ക്ക് മേല്‍ രാഷ്ട്രീയ ആയുധമെന്ന നിലയ്ക്ക് പ്രയോഗിച്ചു. പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങളാണ് ഭൂരിഭാഗം കേസുകളിലും ഇരകളാക്കപ്പെട്ടത്.
2018 സെപ്റ്റംബറില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളനുസരിച്ച് 67 യു.എ.പി.എ കേസുകളും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. വര്‍ഷങ്ങളോളം ചെയ്ത കുറ്റമെന്താണെന്നറിയാതെ തടവില്‍ കിടന്ന 67 കുറ്റാരോപിതര്‍ക്ക് അവരുടെ ജീവിതത്തില്‍നിന്ന് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ തിരികെ നല്‍കാനാര്‍ക്ക് കഴിയും? അവരുടെ പുനരധിവാസത്തിന് സമൂഹം എന്ത് മാര്‍ഗം നിര്‍ദേശിക്കും? ഇതാണ് കരിനിയമത്തിന്റെ ഏറ്റവും വലിയ അപകടം. ഉത്തര്‍പ്രദേശിലെ ഖൈറാ ബസാര്‍ ഗ്രാമത്തില്‍ മാത്രം 200 മുസ്‌ലിം യുവാക്കളെയാണ് യു.എ.പി.എ ചുമത്തി യോഗി സര്‍ക്കാര്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.
പരമത വിദ്വേഷം പുലര്‍ത്തുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് പഴയതു പോലെ കലാപങ്ങള്‍ ഇനി തുടരാനിടയില്ല. പകരം, അതേ ലക്ഷ്യങ്ങള്‍ സ്റ്റേറ്റ് മെഷിനറി വച്ച് നേടാന്‍ ശ്രമിക്കുന്നു. യഥാര്‍ഥത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി വിധ്വംസക വൃത്തികളില്‍ ഏര്‍പ്പെട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സമൂഹത്തില്‍ ഒരു നിയമത്തിനും തൊടാന്‍ കഴിയാതെ വിഹരിക്കുമ്പോഴാണ് ഇതൊക്കെയും നടക്കുന്നത്. ശത്രു രാജ്യമായ പാകിസ്താന് രാജ്യത്തെ ഒറ്റിക്കൊടുത്തവര്‍ പോലും അവരിലുണ്ട്.
2019ലെ യു.എ.പി.എ ദേദഗതിയനുസരിച്ച് സംഘടനകളെ മാത്രമല്ല, വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാനുള്ള അധികാരം ഭരണകൂടത്തിനു ലഭിച്ചു. താന്‍ ഭീകരനല്ല എന്ന് തെളിയിക്കേണ്ട ബാധ്യത വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമായി മാറുകയും അതിനെടുക്കേണ്ടി വരുന്ന അനിശ്ചിതമായ വര്‍ഷങ്ങള്‍ ഒരു മൗലികാവകാശ പ്രശ്‌നമല്ലാതിരിക്കുകയും ചെയ്യുന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം.
യു.എ.പി.എ തങ്ങളുടെ നയമല്ലെന്നാണ് കേരള സര്‍ക്കാരും ഇടതു മുന്നണിയും ഇപ്പോഴും ആവര്‍ത്തിക്കുന്നത്. എന്നിട്ടും നിസാര കാര്യങ്ങളുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തപ്പെട്ടത് എങ്ങനെയാണ്? പൊലിസിന് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ ഒരു നയമുണ്ടായതെങ്ങനെ? സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ ഒതുങ്ങാത്ത വിധം പൊലിസിനെ നിയന്ത്രിക്കുന്ന ആ 'ഡീപ്പ് സ്റ്റേറ്റ്' ആരാണ്? പൊലിസിനു മേല്‍ പഴിചാരിക്കൊണ്ട് നിസാരമായി കൈ കഴുകാന്‍ കഴിയുന്ന വിഷയമല്ലയിത്.
'എല്‍.ഡി.എഫ് വരും, എല്ലാം ശരിയാവുമെന്ന്' വിശ്വസിച്ച രണ്ട് വിദ്യാര്‍ഥികളുടെ മേലാണ് പുസ്തകങ്ങളും ലഘു ലേഖയും കൈവശംവച്ചതിന് രാജ്യത്തെ ഏറ്റവും വലിയ കരിനിയമം ചുമത്തപ്പെട്ടിരിക്കുന്നത്. കരിനിയമത്തിനു വേണ്ടി വാദിക്കുന്ന പ്രഖ്യാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ ചെയ്യുന്നതിനേക്കാള്‍ വലിയ ആഘാതമാണ്, സാധ്യമാകും വിധമെല്ലാം അതിനെ എതിര്‍ക്കുമെന്ന് വാഗ്ദാനം ചെയ്തവരുടെ വകയായുള്ള ദുരുപയോഗം. ആരു ഭരിച്ചാലും പൊലിസ് നയം മാറുന്നില്ലെങ്കില്‍ വിശ്വസിച്ച് വോട്ട് ചെയ്യുന്നവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താവുകയാണ്.
ഏതെങ്കിലും ഒരു ആശയ ധാരയുടെ പേരില്‍ ഒരാള്‍ കുറ്റവാളിയാകുന്നില്ല എന്ന സുപ്രിംകോടതിയുടെ അസന്ദിഗ്ധമായ വിധി നില നില്‍ക്കെയാണ് വീണ്ടും അത് ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. യു.എ.പി.എക്കെതിരേ ഫയല്‍ ചെയ്യപ്പെട്ട പൊതു താല്‍പ്പര്യഹരജി ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രിംകോടതി പരിഗണനയ്‌ക്കെടുത്ത പ്രത്യേക സാഹചര്യം ഇവിടെ നിലനില്‍ക്കുന്ന സമയത്ത്, അതിനെതിരേ പോരാടുന്നവര്‍ പോലും ആ കരിനിയമത്തിന്റെ പ്രയോക്താക്കളാവുന്നത് ആ ജനാധിപത്യ ചേരിയില്‍ ഭിന്നിപ്പുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ഈ വീഴ്ച്ചയെ ന്യായീകരിക്കുന്നവരുടെ തിക്കും തിരക്കുമാണ്. ദേശീയ തലത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസാവട്ടെ, നിയമത്തിലെ ചില ഭാഗങ്ങളോട് യോജിച്ചും മറ്റു ചിലതിനോട് വിയോജിച്ചും ഇറക്കാനും തുപ്പാനും കഴിയാത്ത വിധം നയ പ്രതിസന്ധിയിലാണ്. അല്ലെങ്കിലും സ്വന്തം കുഞ്ഞിനെ ഒരു പരിധി കവിഞ്ഞ് തള്ളിപ്പറയാന്‍ ആര്‍ക്ക് കഴിയും.
ഈ വിഷയത്തില്‍ ഭരണഘടനാ വിശ്വാസികള്‍ സ്വീകരിക്കേണ്ട ശരിയായ നിലപാട് വളരെ വ്യക്തമാണ്. ഏതൊരാളെയും വിചാരണ കൂടാതെ തടങ്കല്‍ പാളയത്തില്‍ അടയ്ക്കാന്‍ അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കുക തന്നെ വേണം. കുറ്റം തെളിയുന്നത് വരെ ഒരാള്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും അയാള്‍ അപരാധിയാണെങ്കിലും നിരപരാധിയാണെങ്കിലും വിചാരണ ത്വരിതപ്പെടുത്തി ശിക്ഷയോ മോചനമോ ലഭിക്കും വിധം രാജ്യത്തെ നീതിന്യായ വ്യവസ്ഥിതി സ്വാഭാവിക നീതി ഉറപ്പാക്കണം. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച്ച നടത്താതെ തന്നെ, മറ്റു നിയമങ്ങള്‍ ശരിയാംവിധം നടപ്പാക്കിയാല്‍ ഈ മനുഷ്യാവകാശ പ്രശ്‌നം അവസാനിക്കാവുന്നതേയുള്ളൂ. ഒരേസമയം ഭരണഘടനാ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ നിയമത്തിലൂടെ തന്നെ രാജ്യ സുരക്ഷ ഉറപ്പിക്കണമെന്ന നിലപാട് സത്യ സന്ധമല്ല. അതിനു പിന്നിലുള്ള ഗൂഢ ലക്ഷ്യം ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തലും ഭയപ്പെടുത്തി ഭരിക്കലുമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് രണ്ടിനോടും തെല്ലും യോജിക്കുക വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."