വൈറ്റില ഫ്‌ളൈ ഓവര്‍: 2019ല്‍ പൂര്‍ത്തിയാക്കാനാവുമെന്ന് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി : വൈറ്റില ഫ്‌ളൈഓവര്‍ നിര്‍മാണം 2019 ല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റിലയിലെ ഫ്‌ളൈ ഓവര്‍ നിര്‍മാണം വേഗത്തിലാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് വൈറ്റില സ്വദേശി ഫ്രാന്‍സിസ് മാഞ്ഞൂരാന്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിര്‍മാണത്തിന് 95.75 കോടി രൂപ ചെലവ് വരുമെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. നിര്‍മാണത്തിന് സര്‍ക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം കഴിഞ്ഞ മേയ് പത്തിന് ലഭിച്ചതോടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി (എസ്.പി.വി) കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയെന്നും പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ടി.ആര്‍ ജയപാല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ജൂണ്‍ 17 ന് വൈറ്റില ഫ്‌ളൈ ഓവറിന്റെ നിര്‍മാണത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് കിഫ് ബിയും കേരള റോഡ് ഫണ്ട് ബോര്‍ഡുമാണെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."