യുവാവിന്റെ അപകട മരണത്തില്‍ വിതുമ്പി പഴമള്ളൂര്‍ ഗ്രാമം
കൂട്ടിലങ്ങാടി: ഇടക്കിടെ ആവര്‍ത്തിച്ചുവരുന്ന അപകട മരണങ്ങള് പഴമള്ളൂര്‍ മീനാര്‍ക്കുഴി ഗ്രാമത്തിനു കണ്ണീരിന്റെ തേങ്ങലായി. നാടിന്റെ പ്രതീക്ഷകളായ മൂന്നു യുവാക്കളുടെ വിലപ്പെട്ട ജീവനുകളാണ് ഏതാനും മാസങ്ങള്‍ക്കിടയില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പൊലിഞ്ഞത്.
ഒടുവില്‍ കഴിഞ്ഞ ദിവസം ബസിടിച്ചു മരിച്ച പഴമള്ളൂര്‍ മീനാര്‍ക്കുഴി തയ്യില്‍ മൊയ്തീന് ഹാജിയുടെ മകന് അബൂബക്കര്‍ സിദ്ധീഖിന്റെ വിയോഗവും പ്രദേശത്തിനു താങ്ങാനാവാത്ത ദു:ഖമായി.
തിരൂര്‍ക്കാട് അന്വാര് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ സിദ്ദീഖ് നെറ്റ് വര്‍ക്കിങ് കോഴ്സ് കഴിഞ്ഞ് ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സി.സി ടിവി ഓപ്പറേറ്ററായി ജോലി ചെയ്തു വരുന്നതിനിടെയാണ് വിധി തട്ടിയെടുത്തത്. പാതിരമണ്ണയിലുള്ള ഭാര്യ വീട്ടില്‍ പെരുന്നാള്‍ സന്ദര്‍ശനത്തിനു പോകുന്നതിനിടെ പനങ്ങാങ്ങര 38 -ല്‍ സ്വകാര്യ ബസിടിച്ചാണ് സിദ്ദീഖ് മരണപ്പെട്ടത്. റോഡരികിലെ കടയില്‍ നിന്നു പഴങ്ങള്‍ വാങ്ങി തിരികെ ബൈക്കിലെത്തിയതോടെ കോഴിക്കോട്ടേക്കു വന്ന സ്വകാര്യബസ് ദിശ മാറി വന്ന് സിദ്ധീഖിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സിദ്ദീഖിന്റെ വിവാഹം. ഭാര്യ തസ്ലീന ആറു മാസം ഗര്‍ഭിണിയാണ്.
മയ്യിത്ത് നിസ്കാരത്തിനു സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര് നേതൃത്വം നല്കി. വന്‍ ജനസാന്നിദ്ധ്യത്തില്‍ മീനാര്‍കുഴി മഹല്ല് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."