ലണ്ടനിലുള്ള മകളുടെ വിവാഹം: പരോള്‍ വേണമെന്ന് നളിനിയുടെ ഹരജി
ചെന്നൈ: മുന്‍പ്രധാനമന്ത്രി രാജിവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ആറുമാസത്തെ പരോളിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
ലണ്ടനില്‍ താമസിക്കുന്ന മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി പരോള്‍ അനുവദിക്കണമെന്നാണ് നളിനിയുടെ ആവശ്യം. വധക്കേസില്‍ വെല്ലൂരിലെ സ്ത്രീകളുടെ പ്രത്യേക ജയിലിലാണ് ഇപ്പോള്‍ നളിനിയുള്ളത്.
പരോള്‍ ആവശ്യപ്പെട്ട് നേരത്തെ സംസ്ഥാന മുഖ്യമന്ത്രിക്കും പ്രിസണ്‍ ഐ.ജിക്കും ഇവര്‍ കത്തയച്ചിരുന്നെങ്കിലും ഇവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു മാസം പരോള്‍ അനുവദിക്കാറുണ്ടെങ്കിലും 26 വര്‍ഷമായി ജയിലില്‍ നിന്ന് ഇതുവരെ നളിനി പുറത്തിറങ്ങിയിട്ടില്ല. ഇക്കാര്യം ബോധിപ്പിച്ചുകൊണ്ടാണ് ആറുമാസം പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ലണ്ടനില്‍ താമസിക്കുന്ന തന്റെ മകള്‍ ഹരിതയുടെ വിവാഹത്തിനായി ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിനായി 2016 നവംബര്‍ 12ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതായി ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ പറഞ്ഞിട്ടുണ്ട്.
ഈ വരുന്ന 31ന് നളിനിയുടെ ഹരജി കോടതി പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. രാജിവ്ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിച്ചിരുന്ന നളിനിയുടെ ശിക്ഷ പിന്നീട് ജീവപര്യന്തം തടവാക്കി മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."