പൈതൃകനഗരിയില്‍ കലയാട്ടം: കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല മുന്നില്‍
തലശ്ശേരി: ഒട്ടേറെ ചരിത്രശേഷിപ്പിന്റെ കഥകള്‍ തുറന്നിടുന്ന പൈതൃക നഗരിയില്‍ കൗമാര കലാമാമാങ്കത്തിന് തുടക്കം. ഇനി രണ്ടു രാപകലുകള്‍ കലയുടെ കാഴ്ചകള്‍ ആസ്വാദകര്‍ക്ക് മുന്നില്‍ കൗമാര പ്രതിഭകള്‍ തുറന്നിടും. ആദ്യദിനം നിശ്ചയിച്ചതിലും ഒന്നരമണിക്കൂര്‍ വൈകിയാണ് എല്ലാ വേദികളിലും മത്സരങ്ങള്‍ ആരംഭിച്ചത്. മാപ്പിള കലകളുടെയും നൃത്തങ്ങളുടെയും അവതരണത്താല്‍ ആദ്യദിന സദസ് സമ്പന്നമായി.
18 വേദികളിലാണ് ഇന്നലത്തെ മത്സരങ്ങള്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 95 ഇനങ്ങളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഇനങ്ങളിലും അറബിക് സാഹിത്യത്തിലും സംസ്‌കൃതത്തിലും 19 ഇനങ്ങളിലുമാണ് മത്സരങ്ങള്‍.
ബി.ഇ.എം.പി, ബ്രണ്ണന്‍, സെന്റ് ജോസഫ്‌സ്, മുബാറക് ചിറക്കര, തിരുവങ്ങാട് വലിയമാടാവ് തുടങ്ങി എട്ടു വിദ്യാലയങ്ങളിലാണ് കലാമത്സരങ്ങള്‍ നടക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന, സമാപന പരിപാടികള്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നു വേണ്ടെന്നു വച്ചു. മേള നാളെ സമാപിക്കും.
ആദ്യദിനം ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയാണ് മുന്നില്‍.
വേദി മാറ്റത്തില്‍ വലഞ്ഞ് മത്സരാര്‍ഥികള്‍
തലശ്ശേരി: വേദി മാറ്റത്തെ തുടര്‍ന്ന് മത്സരാര്‍ഥികളും അധ്യാപകരും വലഞ്ഞു. വേദി മൂന്നായ സേക്രഡ് ഹാര്‍ട്ട് എച്ച്.എസില്‍നിന്ന് തിരുവാതിര മത്സരം പ്രധാനവേദിയായ ബ്രണ്ണന്‍ സ്‌കൂളിലേക്കു മാറ്റിയതാണ് മത്സരാര്‍ഥികളെ ഏറെ വലച്ചത്. രാവിലെ 9.30ന് തുടങ്ങേണ്ട തിരുവാതിരക്കളി ആരംഭിച്ചത് 11.30ഓടെയാണ്. വേദി മാറ്റിയ തീരുമാനം അധികൃതര്‍ അറിയിച്ചെങ്കിലും മേക്കപ്പ്, ഡ്രസിങ് സംവിധാനം എവിടെയെന്നത് മത്സരാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വ്യക്തമായിരുന്നില്ല.
ബ്രണ്ണനില്‍ മൂന്നു മുറികള്‍ വസ്ത്രം മാറാന്‍ സജ്ജീകരിച്ചെങ്കിലും ഈ വിവരം അധികൃതര്‍ക്ക് ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നു കൂടുതല്‍ മത്സരാര്‍ഥികള്‍ക്കും സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നിന്നാണു വസ്ത്രങ്ങള്‍ മാറേണ്ടി വന്നത്. വസ്ത്രം മാറാനുള്ള തിരക്കുകാരണം ഏറെ ബുദ്ധിമുട്ടിയാണു ബ്രണ്ണലിലെത്തിയതെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറഞ്ഞു. വസ്ത്രവും മേക്കപ്പ് സാധനങ്ങളും വീണ്ടും കെട്ടിവലിച്ച് എത്തിക്കേണ്ട അവസ്ഥയും മത്സരാര്‍ഥികള്‍ക്കുണ്ടായി. രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണ് ഇന്നലെ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയത്.
വട്ടപ്പാട്ടില്‍ കുത്തക തകര്‍ത്ത് ചുണ്ടങ്ങപ്പൊയില്‍
തലശ്ശേരി: എച്ച്.എച്ച്.എസ് വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ കുത്തക തകര്‍ത്ത് ചരിത്ര നേട്ടവുമായി ചുണ്ടങ്ങപ്പൊയില്‍ ജി.എച്ച്.എസ്.എസ്. പെരിങ്ങത്തൂര്‍ എന്‍.എ.എം.എച്ച്.എസ്.എസ്, മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എളയാവൂര്‍ സി.എച്ച്.എം എന്നീ സ്‌കൂളുകളുടെ കുത്തക തകര്‍ത്താണ് ഇ.കെ റുഷിനും സംഘവും ഒന്നാം സ്ഥാനം നേടിയത്.
എച്ച്.എസ് വിഭാഗത്തില്‍ ആതിഥേയരായ മുബാറക് എച്ച്.എച്ച്.എസ് ഒന്നാം സ്ഥാനം നേടി. വാരം സ്വദേശി പി.കെ തസ്‌ലീമണ് ഇരുടീമുകളുടെയും പരിശീലകന്‍. പഠനകാലത്ത് കലോത്സവത്തിലെ സ്ഥിരം മത്സരാര്‍ഥിയായിരുന്നു തസ്‌ലിം. മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളിലുള്ളവര്‍ക്കും പരിശീലനം നടത്തിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്‍പത് ടീമുകളെ വട്ടപ്പാട്ടില്‍ മത്സരിപ്പിച്ചിട്ടുണ്ട്.
മുഹമ്മദ് നബിയുടെ പ്രകീര്‍ത്തനങ്ങളിലായിരുന്നു വട്ടപ്പാട്ട് മത്സരം വേദിയില്‍ അരങ്ങേറിയത്. കേരള സംസ്‌കാരത്തിന്റെ ഭാഗമായ അറബി മലയാള സാഹിത്യശാഖയിലെ സഫീനപ്പാട്ടുകളായിരുന്നു എല്ലാടീമുകളും തെരെഞ്ഞെടുത്തത്. മത്സരത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു. നിറഞ്ഞ കാണികളുടെ സാന്നിധ്യത്തിലാണ് വട്ടപ്പാട്ട് മത്സരം നടന്നത്.
മേക്കപ്പ്മാനായി കാല്‍നൂറ്റാണ്ട്
തലശ്ശേരി: സംസ്ഥാന, ജില്ലാ കലോത്സവ വേദികളില്‍ 25 വര്‍ഷത്തെ മേക്കപ്പ് അനുഭവുമായി ചക്കരക്കല്‍ സ്വദേശി കെ. സന്തോഷ്. ഛായങ്ങള്‍ വാരിക്കൂട്ടിയുള്ള മേക്കപ്പ് ചെയ്യതിനുപ്പറം നിരവധി അനുഭവങ്ങളും പറയാനുണ്ട് സന്തോഷിന്. മത്സരാര്‍ഥികള്‍ക്ക് വിധികര്‍ത്താക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്ന അനീതികളാണ് ഏറെയും. പണത്തിനു മീതെ പറക്കുന്നവരായി വിധി കര്‍ത്താക്കള്‍ മാറുന്നുണ്ടെന്നു സന്തോഷ് പറയുന്നു.
കരഞ്ഞ് ഓടിവരുന്ന മുഖങ്ങളും കാണേണ്ടി വന്നിട്ടുണ്ട്. മോഹിനിയാട്ടം, ഒപ്പന, കുച്ചിപ്പിടി തുടങ്ങിയ നൃത്ത വിഭാഗങ്ങളിലാണ് മത്സരാര്‍ഥികള്‍ക്ക് സന്തോഷ് മേക്കപ്പ് ഇടുന്നത്.
സംസ്ഥാനത്ത് പ്രളയം വന്നതോടെ ഈ മേഖലയില്‍ ജോലിയും കുറഞ്ഞു. വലിയതോതില്‍ മേക്കപ്പ് മേഖലയില്‍ നടക്കുന്ന കൊള്ളരുതായ്മയും സന്തോഷ് ചൂണ്ടിക്കാട്ടുന്നു. കലോത്സവ സീസണ്‍ കഴിഞ്ഞാല്‍ തെയ്യം കെട്ടലാണു സന്തോഷിന്റെ ജോലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."