അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാക്കള്‍ അറസ്റ്റില്‍
കൊല്ലം: സംസ്ഥാനത്തു വിവിധ ജില്ലകളില്‍ നാനോ കാറില്‍ കറങ്ങിനടന്ന് ആഡംബര ബൈക്കുകള്‍ മോഷ്ടിക്കല്‍ പതിവാക്കിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കല്ലമ്പലം വടശ്ശേരിക്കോണം ചേന്നന്‍കോട് പ്രസിഡന്റ് ജങ്ഷന്‍ പ്രിയാ നിവാസില്‍ കര്‍ണല്‍ രാജ് (18), മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് വെസ്റ്റ് ചൂണ്ടമ്പറ്റ ഹൗസില്‍ ഷൗക്കത്ത് അലിയുടെ മകന്‍ അനീഷ് അംജത്ത് (20) എന്നിവരാണു പിടിയിലായത്.
കൊല്ലത്തും പരിസര ജില്ലകളിലും അടുത്തകാലത്ത് റോയല്‍ എന്‍ഫില്‍ഡ് ബുള്ളറ്റുകളുടെ മോഷണം വ്യാപകമായതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സംഘം കൊല്ലം നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും 200ഓളം സി.സി.ടി.വി കാമറകളും ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു തന്ത്രപരമായി പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് ഒരു നാനോ കാറും 12ഓളം ആഡംബര ബൈക്കുകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്കുകള്‍ ഉപയോഗിക്കുന്നതിനു വ്യാജമായി ആര്‍.സി ബുക്കുകളും മറ്റു രേഖകളും ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. എഞ്ചിന്‍ നമ്പരിലും ചെയ്‌സ് നമ്പരിലും വ്യത്യാസം വരുത്തിയ നിലയിലാണുള്ളത്.
എന്‍ജിനീയറിങ് കോളജ് പരിസരങ്ങളിലും കല്യാണ ഓഡിറ്റോറിയങ്ങളുടെ സമീപത്തും തിരക്കേറിയ വാഹന പാര്‍ക്കിങ് സ്ഥലങ്ങളിലും നാനോ കാറില്‍ എത്തുന്ന ഇവര്‍ കാറിന്റെ മറവില്‍ അതിവിദഗ്ധമായി ബൈക്കിന്റെ വയറുകള്‍ മുറിച്ച് ബൈക്കുമായി കടന്നുകളയാറാണ് പതിവ്. കൗമാരക്കാരായ ഇവര്‍ മോഷണം നടത്തിയ ശേഷം ബൈക്കുകള്‍ക്കു രൂപമാറ്റം വരുത്തി സമൂഹമാധ്യമങ്ങള്‍ വഴി ബംഗളൂരു, പഞ്ചാബ്, തമിഴ്‌നാട്, കേരളത്തിലെ വടക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ വില്‍പന നടത്തുകയായിരുന്നു. ആഡംബര ജീവിതത്തിലും ബൈക്കുകളിലുമുള്ള അമിത താല്‍പര്യമാണ് ഇവരെ മോഷണത്തിലേക്ക് നയിച്ചത്. രണ്ടുപേരുടെ അറസ്റ്റോടെ സംസ്ഥാനത്തുണ്ടായ 23ഓളം ബൈക്ക് മോഷണ കേസുകള്‍ക്കു തെളിവ് ലഭിച്ചതായി പൊലിസ് അറിയിച്ചു. ഇവര്‍ ഉപയോഗിച്ച നാനോ കാറിന്റെ നമ്പര്‍ വ്യാജമാണെന്നു വ്യക്തമായിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും പൊലിസ് പറഞ്ഞു.
കൊല്ലം സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ഷിഹാബുദ്ദീന്‍, കൊല്ലം അസിസ്റ്റന്റ് കമ്മിഷണര്‍ ജോര്‍ജ് കോശി, കൊല്ലം ഈസ്റ്റ് സി.ഐ മഞ്ജുലാല്‍, കൊല്ലം ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണന്‍, ഷാഡോ പൊലിസ് എസ്.ഐ വിപിന്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."