വിവാഹ വാഗ്ദാനം നല്‍കി കോളജ് അധ്യാപികയ്ക്ക് പീഡനം; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു
പൊന്നാനി: കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പൊന്നാനിയിലെ കോളജ് അധ്യാപകനായിരുന്ന പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരേ പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. സംഭവത്തില്‍ പൊന്നാനി പൊലിസ് അന്വേഷണം ആരംഭിച്ചു.
വിദേശത്തേക്ക് കടന്ന പ്രതിക്കെതിരേ യുവതി ആദ്യം കുറ്റിപ്പുറം പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാവൂ എന്ന നിലപാടായിരുന്നു പൊലിസ് സ്വീകരിച്ചതത്രെ. തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ ഒരു കോളജില്‍ അധ്യാപകനായിരുന്ന മുഹമ്മദ് ഹാഫിസ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. നാല് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു ഇവര്‍. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ യുവതി മതം മാറുകയും ചെയ്തിരുന്നു.
യുവതിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യകാമറയില്‍ പകര്‍ത്തിയ ശേഷം തിങ്കളാഴ്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫോണ്‍ നമ്പറും അഡ്രസും ഇതോടൊപ്പം നല്‍കിയതോടെ യുവതിയുടെ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്. പ്രതിയിപ്പോള്‍ അജ്മാനിലെ വസ്ത്രനിര്‍മാണ യൂനിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജരാണ്. വിദേശത്തുള്ള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്്‌ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നേരത്തെ ഒരു വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഹമ്മദ് ഹാഫിസ് പ്രതിയായിരുന്നിട്ടും ഇതൊന്നും അന്വേഷിക്കാനോ പീഡനപരാതിയില്‍ നടപടിയെടുക്കാനോ കുറ്റിപ്പുറം പൊലിസ് തുനിഞ്ഞിരുന്നില്ലെന്നും ആരോപണമുണ്ട്.
അതേസമയം, സംഭവം ലൗ ജിഹാദെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത്തരമൊരു വിഷയത്തെ വര്‍ഗീയനിറം നല്‍കി പ്രചരിപ്പിക്കുന്നതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."