വില സ്ഥിരത ഉറപ്പുവരുത്തി ബ്രഹ്മഗിരി ചിക്കന്‍ പദ്ധതി വരുന്നു
മലപ്പുറം: കോഴിയിറച്ചി വില സ്ഥിരത ഉറപ്പുവരുത്തി ശുദ്ധമാംസം ഉപഭോക്താവിലെത്തിക്കാന്‍ ബ്രഹ്മഗിരി ചിക്കന്‍ പദ്ധതി വരുന്നു. 30ന് വൈകീട്ട് നാലിനു കോട്ടക്കുന്ന് ഡി.ടി.പി.സി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
വില സ്ഥിരത ഉറപ്പു വരുത്തി കൃഷിക്കാര്‍, വില്‍പനക്കാര്‍, ഉപഭോക്താവ് എന്നിവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചാണ് ബ്രഹ്മഗിരി നടപ്പാക്കുന്നത്. 87-90 രൂപ നിരക്കില്‍ ജീവനോടെയും 140-150 നിരക്കില്‍ ഇറച്ചി വിലയിലും കോഴികള്‍ കടയില്‍ ലഭ്യമാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. കമ്പോളവില കുറയുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ ഉണ്ടാക്കുന്ന വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കും.
പദ്ധതിയില്‍ കോഴിക്കുഞ്ഞ്, തീറ്റ എന്നിവയ്ക്കായി ഒരു തവണ മുതല്‍ മുടക്കാന്‍ തയാറാകുന്ന കൃഷിക്കാര്‍ക്ക് കിലോയ്ക്ക് 11 രൂപ വരെ വളര്‍ത്തൂകൂലി ലഭിക്കും. ആധുനിക രീതിയില്‍ ശാസ്ത്രീയമായും ആരോഗ്യകരമായും ഇറച്ചിക്കോഴി വളര്‍ത്താനുള്ള പരിശീലനങ്ങള്‍ കൃഷിക്കാര്‍ക്ക് നല്‍കും. അപ്രതീക്ഷിതമായി സംഭവിക്കാവുന്ന രോഗങ്ങള്‍കൊണ്ടോ പ്രകൃതിക്ഷോഭംമൂലമോ ഉണ്ടാകുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തില്‍ നിന്ന് ഒരുഭാഗം റിസ്‌ക് ഫണ്ടായി മാറ്റിവയ്ക്കും.
ശുദ്ധമായ രീതിയില്‍ മാംസോത്പാദനവും മാലിന്യ സംസ്‌കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കന്‍ ലൈവ് ഔട്ട്‌ലെറ്റുകള്‍ വഴിയാണ് വില്‍പന. ജീവനുള്ള കോഴിക്ക് കിലോയ്ക്ക് 11 രൂപ വ്യാപാരികള്‍ക്ക് കമ്മിഷന്‍ നല്‍കും. നിലവിലുള്ള ഫാമുകളും വ്യാപാരികളും പദ്ധതിയുമായി സഹകരിക്കാന്‍ തയാറാകുകയാണെങ്കില്‍ അവര്‍ക്കായിരിക്കും പ്രഥമ പരിഗണന. പത്രസമ്മേളനത്തില്‍ കേരള ചിക്കന്‍ ഡയറക്ടര്‍ കെ.എന്‍ നൗഷാദലി, മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. ജലാലുദ്ദീന്‍, എന്‍. അബ്ദുല്‍ ഖാദര്‍, കാദറലി വറ്റലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."