മിന്നലാക്രമണത്തിലെ 'രാഷ്ട്രീയം'; എതിര്‍പ്പുമായി മുന്‍ ലഫ്. ജനറല്‍
ന്യൂഡല്‍ഹി: പാക് അതിര്‍ത്തിയിലേക്കു കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി നേതാക്കളെയും വിമര്‍ശിച്ച് ആക്രമണത്തിനു നേതൃത്വം നല്‍കിയ മുന്‍ ഉത്തര സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡ. സൈനിക ദൗത്യങ്ങള്‍ രാഷ്ട്രീയവല്‍കരിക്കുന്നതു ശരിയല്ലെന്ന് ആരുടെയും പേരു പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.
സൈനിക സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന 'അതിര്‍ത്തി കടന്നുള്ള ദൗത്യങ്ങളുടെയും മിന്നാലാക്രമണങ്ങളുടെയും പ്രസക്തി' എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിന്നലാക്രമണം രാഷ്ട്രീയവല്‍കരിക്കുന്നുവെന്നു വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ടെന്നു പറഞ്ഞാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. വീരവാദങ്ങള്‍ ഇന്ത്യയ്ക്കു സഹായകമായിരുന്നോ എന്ന കാര്യത്തില്‍ പൂര്‍ണമായും യോജിക്കാനാകില്ല. സൈനിക മുന്നേറ്റങ്ങളെ രാഷ്ട്രീയ താല്‍പര്യത്തോടെ അവതരിപ്പിക്കുന്നതു നല്ലതല്ല. വിജയകരമായ ഒരു ദൗത്യത്തെക്കുറിച്ചു വീരവാദം മുഴക്കിയാല്‍, അത്തരം ദൗത്യങ്ങള്‍ക്കു പിന്നീട് അതൊരു ഭാരമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയൊരിക്കല്‍ മിന്നലാക്രമണമുണ്ടാകുമ്പോള്‍ ഇന്ത്യയുടെ ഭാഗത്ത് എത്ര നഷ്ടം സംഭവിച്ചുവെന്ന് അവലോകനം ചെയ്യുന്ന അവസ്ഥയുണ്ടാകും. അതിനുമാത്രം ഇപ്പോള്‍ മിന്നലാക്രമണം ആഘോഷിക്കപ്പെട്ടു. സംഭവം ഉണ്ടായ ഉടനെയുള്ള ആഘോഷങ്ങളും അവകാശവാദങ്ങളും തെറ്റല്ല. എന്നാല്‍, അതു നീണ്ടുപോവുന്നതു നല്ലതല്ല. പ്രധാനപ്പെട്ട ഒന്നായിരുന്നു ആ സൈനിക നടപടി. 2016ല്‍ ഉറിയിലെ സൈനിക ക്യാംപിനു നേരെയുണ്ടായ ആക്രമണസ്ഥലം സൈനിക മേധാവി സന്ദര്‍ശിച്ചിരുന്നു. അന്നു തകര്‍ന്ന ക്യാംപിന്റെ ചാരത്തിനു മുകളിലൂടെ നടക്കവെ, ഇതിനു പ്രതികാരം ചെയ്യണമെന്നു തീരുമാനിച്ചതാണ്. സൈന്യത്തിന്റെ കൈവശം അത്യാധുനിക യുദ്ധോപകരണങ്ങളുണ്ട്. മിന്നലാക്രമണത്തിന് അത്തരം സജ്ജീകരണങ്ങള്‍ ആവശ്യമില്ല. അതിനാല്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്, ഓര്‍ക്കാപ്പുറത്തുള്ള ആക്രമണം എന്ന പഴയതന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ജനറല്‍ ഹൂഡയുടെ വിമര്‍ശനങ്ങള്‍ വ്യക്തിപരമാണെന്നായിരുന്നു കരസേനാ മേധാവി വിപിന്‍ റാവത്തിന്റെ പ്രതികരണം.
മിന്നലാക്രമണത്തിനു ശേഷം അസാധാരണ രീതിയിലുള്ള വാര്‍ത്താസമ്മേളനങ്ങളും വിഡിയോ പുറത്തുവിടലും അവകാശവാദങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നതു വിവാദത്തിനു കാരണമായിരുന്നു. ഇതോടെ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെയും അതിനു മുന്‍പും പലതവണ മിന്നലാക്രമണം നടന്നിരുന്നുവെന്നും സൈനിക രഹസ്യമായതിനാല്‍ അതെല്ലാം മൂടിവച്ചിരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."