അഴിമതി തടയാന്‍ സര്‍ക്കാര്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കും: മന്ത്രി എ.സി മൊയ്തീന്‍
ഒറ്റപ്പാലം: അഴിമതി തടയാന്‍ സര്‍ക്കാര്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഒറ്റപ്പാലം നഗരസഭയുടെ പുതിയ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കെട്ടിട നിര്‍മാണ അനുമതിക്കുള്ള ഓണ്‍ലൈന്‍ സംവിധാനം പുതിയ സോഫ്റ്റ്‌വയറിലേക്ക് മാറുന്നത് അതിന്റെ ഭാഗമാണ്. ഏറ്റവും താമസിയാതെ പുതിയ സംവിധാനം നിലവില്‍വരും. കെട്ടിടനിര്‍മാണ രംഗത്ത് ഉദ്യോഗസ്ഥ തലത്തിലും എന്‍ജിനീയര്‍മാരുടെയും തെറ്റായ ഇടപെടല്‍ തടയാന്‍ ഇതിനാവും. നിശ്ചിത ദിവസത്തിനകം ബന്ധപ്പെട്ടവര്‍ അനുമതി നല്‍കിയില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി അപേക്ഷകന് നിര്‍മാണം തുടങ്ങാന്‍ കഴിയുന്ന ഡീംഡ് സംവിധാനമാണ് ഇതിലുള്ളത്. യോജിച്ചുനില്‍ക്കാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തം യോജിപ്പ് ഉണ്ടാക്കുകയെന്നതാണ്. പ്രളയകാലത്ത് യോജിച്ചുനിന്ന് ദുരന്തത്തെ നേരിട്ട കേരള മാതൃക ഇനിയും തുടരേണ്ടതുണ്ട്. നവകേരള നിര്‍മാണത്തില്‍ ആരെയും ഒഴിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അധികാര വികേന്ദ്രീകരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാംഘട്ട ജനകീയാസൂത്രണമാണ് സംസ്ഥാനത്ത് നടക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി വാങ്ങി സമയബന്ധിതമായി മുന്നോട്ടുപോകുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതിലൂടെ പ്രവര്‍ത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാനും കഴിഞ്ഞു. ആധുനിക കാലത്ത് തദ്ദേശ പഞ്ചായത്തുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. സംസ്ഥാന ബജറ്റിന്റെ വലിയ വിഹിതം തദ്ദേശസ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കിവയ്ക്കുന്നുണ്ട്. ഈ മികച്ച സൗകര്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്കാണ് പ്രയോജനപ്പെടേണ്ടതെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ഓഫിസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനായി. ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍.എംനാരായണന്‍ നമ്പൂതിരി, ഒറ്റപ്പാലം നഗരസഭാ സെക്രട്ടറി എച്ച്. സീന, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍, കെ. രത്‌നമ്മ, നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ ഇ. പ്രഭാകരന്‍, സുജി വിജയന്‍, കെ.ബി ശശികുമാര്‍, ടി. ലത, ബി. സുജാത, ത്രിതല പഞ്ചായത്ത് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."