ഉദ്യോഗസ്ഥരുടെ അലംഭാവം; കുത്തഴിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ കുത്തഴിഞ്ഞ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്.
സര്‍ക്കാര്‍ ഉത്തരവുകള്‍ മിക്കതും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ അവതാളത്തിലായത്. ഇതേ തുടര്‍ന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍, വിദ്യാഭ്യാസ ജില്ലാ ഓഫിസുകള്‍ തുടങ്ങി പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പരാതികളാണ് കുമിഞ്ഞുകൂടിയിട്ടുള്ളത്. ഇവയൊന്നും സമയബന്ധിതമായി പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി രംഗത്തെത്തിയിട്ടുള്ളത്.
അധ്യാപക നിയമനം, സ്‌കൂളുകള്‍ക്ക് ലഭിക്കേണ്ട വിവിധ സാമ്പത്തിക ആനുകൂല്യങ്ങള്‍, അധ്യാപകരുടെ സര്‍വിസ് കാര്യങ്ങള്‍, കുട്ടികളുടെ പരീക്ഷകളും അനുബന്ധനടപടികളും തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള പരാതികളാണ് വകുപ്പിന് ലഭിച്ചിട്ടുള്ളത്. ഇതു പരിഹരിക്കാനായി വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഉള്‍പ്പെടെ പങ്കെടുത്തുകൊണ്ട് ജില്ലാതല അദാലത്തിന് രൂപം നല്‍കിയതാണ്. എന്നാല്‍ അതൊന്നും ഇതുവരെ പ്രാവര്‍ത്തികമായില്ല.
അധ്യാപക നിയമനം ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അധ്യാപക നിയമനത്തില്‍ നിലനില്‍ക്കുന്ന കാലതാമസം നിഷ്പ്രയാസം പരിഹരിക്കാന്‍ ഇതിലൂടെ കഴിയും. എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള ഉത്തരവുകള്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തടസ്സവാദങ്ങള്‍ ഉന്നയിച്ചതോടെ വിചാരിച്ച രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആയതോടെ ഉദ്യോഗസ്ഥമേഖലയിലെ വലിയൊരു അഴിമതിക്ക് അറുതി വരുത്താനും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും നടപ്പിലായില്ല.
അധ്യാപകരുടെ പ്രോഫിഡന്റ് ഫണ്ട് ലോണായി പിന്‍വലിക്കാന്‍ വേണ്ടിയുള്ള നടപടികളും ഓണ്‍ലൈനായിട്ടുണ്ട്. ബന്ധപ്പെട്ട ഓഫിസുകളിലെ ഉദ്യോഗസ്ഥന്‍മാര്‍ അതിന്റെ ഹാര്‍ഡ് കോപ്പികള്‍ ആവശ്യപ്പെടാനും തടസ്സവാദങ്ങള്‍ ഉന്നയിക്കാനും തുടങ്ങിയതോടെ അത്യാവശ്യക്കാര്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി മാനേജര്‍മാര്‍ അധിക തസ്തിക നിര്‍ണയിക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഇപ്പോഴും ആകുന്നില്ല. അതിന്റെ പിന്നിലും ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതിയും കെടുകാര്യസ്ഥതയും നിലനില്‍ക്കുന്നതാണ് പ്രശ്‌നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."