മൊകേരിയിലെ ശ്രീധരന്റെ ദുരൂഹമരണം: ഭാര്യയടക്കം മൂന്നുപേര്‍ റിമാന്‍ഡില്‍
കുറ്റ്യാടി: മൊകേരിയിലെ വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീധരന്റെ ഭാര്യയുള്‍പ്പെടെ മൂന്നുപേരെ കുറ്റ്യാടി സി.ഐ ടി. സജീവന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ശ്രീധരന്റെ വീട്ടില്‍ വീടു നിര്‍മാണത്തിനു വന്ന പശ്ചിമബംഗാളിലെ നദിയ ജില്ലക്കാരനായ പരിമള്‍ ഹല്‍ദാള്‍ (45), ശ്രീധരന്റെ ഭാര്യ ഗിരിജ (36), ഭാര്യാമാതാവ് കുണ്ടുതോട് ആനക്കുളത്തെ ദേവി (60) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
നാദാപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂന്നു പേരെയും റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിന് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കുറ്റ്യാടി സി.ഐ പറഞ്ഞു. സംഭവശേഷം നാടുവിട്ട പരിമളിനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പൊലിസ് തന്ത്രപൂര്‍വം വലയിലാക്കിയത്.
കഴിഞ്ഞമാസം എട്ടിനാണ് ശ്രീധരന്‍ കൊല്ലപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഭാര്യയും ഭാര്യാമാതാവും പറഞ്ഞിരുന്നത്. ഇതു വിശ്വസിച്ച നാട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞദിവസം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലും പ്രതികളുടെ മൊഴി സ്ഥിരീകരിക്കുന്നതാണ്.
ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കുകയും ബോധം നശിച്ചതിനുശേഷം കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ശ്രീധരനെ ഇല്ലാതാക്കിയാല്‍ മാത്രമേ ഗിരിജയെ വിവാഹം കഴിച്ച് ഒന്നിച്ചു താമസിക്കാന്‍ കഴിയൂ എന്ന് മനസിലാക്കിയ പരിമള്‍ ഇതിനായി ഗിരിജയെയും അമ്മ ദേവിയെയും ഉപയോഗപ്പെടുത്തുകയായിരുന്നു. കൊല്‍ക്കത്തയില്‍നിന്ന് വാങ്ങി കരുതിവച്ച ഉറക്കഗുളിക മാസങ്ങള്‍ക്ക് മുന്‍പുതന്നെ ഗിരിജയെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍നിന്നു മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലനടത്തിയതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. ഗിരിജക്കും ശ്രീധരനും നാലു വയസുള്ള ആണ്‍കുട്ടിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."