പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഴുവൻ മതേതര വിശ്വാസികളും ഒന്നിക്കണം: സമസ്‌ത ഇസ്‌ലാമിക് സെന്റർ ജിദ്ദ
ജിദ്ദ: 'ഇന്ത്യ മരിക്കരുത്, നമുക്ക് ജീവിക്കണം' എന്ന പ്രമേയത്തിൽ സമസ്‌ത ഇസ്ലാമിക് സെന്റര് ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷറഫിയ്യയിൽ പൗരത്വ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മൊയ്‌ദീൻ കുട്ടി ഫൈസി പുത്തനഴി ഉത്ഘാടനം സംഗമം ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുന്നിൽ നിന്ന് പോരാടിയവരാണ് മുസ്‌ലികളെന്നും ഇന്ത്യയിലെ മുസ്‌ലിംകൾ വിവിധ സമുദായങ്ങളുമായി സൗഹാർദ്ദത്തോടെ രാജ്യ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയിൽ നിന്നും മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും ഭരണ ഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഴുവൻ മതേതര വിശ്വാസികളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. മേലാറ്റൂർ ദാറുൽ ഹികം ശരീഅത്ത് കോളേജ് പ്രിൻസിപ്പൽ ടി. എച്ച്. ദാരിമി പ്രമേയ പ്രഭാഷണം നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം നിയമാനുസൃതമായിരിക്കണമെന്നും അല്ലാത്ത പക്ഷം വിപരീത ഫലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു . വൈകാരികമായ പ്രതികരണങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ സദസ്സിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് ടി.എം.എ. റഊഫ്, റഷീദ് വാരിക്കോടൻ, കബീർ കൊണ്ടോട്ടി തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദലി ഫൈസി ഖിറാഅത് നടത്തി. ഹൈദർ പുളിങ്ങോം സ്വാഗതവും മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു. മുസ്‌തഫ ബാഖവി ഊരകം, അബുബക്കർ ദാരിമി ആലമ്പാടി, എം.സി. സുബൈർ ഹുദവി കൊപ്പം, സൽമാൻ ദാരിമി, മൊയ്‌ദീൻ കുട്ടി ഫൈസി ,എൻ.പി. അബുബക്കർ ഹാജി, ഉസ്‌മാൻ എടത്തിൽ, അബ്‌ദുറഹ്‌മാൻ അയക്കോടൻ, ഹുസ്സൈൻ പാതിരാമണ്ണ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."