വയല്‍ക്കിളികള്‍ പ്രകടനമായി കോടതിയില്‍ ഹാജരായി
തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപാസിനായി സര്‍വേക്കെത്തിയ ദേശീയപാതാ അധികൃതരെ ആത്മഹത്യാ ഭീഷണി മുഴക്കി തടഞ്ഞുവെന്ന കേസില്‍ വയല്‍ക്കിളികള്‍ കോടതിയില്‍ ഹാജരായി. കീഴാറ്റൂരില്‍നിന്ന് പ്ലക്കാര്‍ഡുകളേന്തി പ്രകടനമായണ് കോടതിക്ക് സമീപം വരെ വയല്‍ക്കിളികളെത്തിയത്. പ്രളയാനന്തര കേരളത്തില്‍ കുന്നുകളും മലകളും വയലുകളും നശിപ്പിക്കുവാന്‍ അനുവദിക്കില്ല, നവകേരള നിര്‍മിതി നികത്തിക്കൊണ്ടാവരുത് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നത്.
കഴിഞ്ഞ മാര്‍ച്ച് 14ന് ദേശീയപാതാ അധികൃതര്‍ സര്‍വേക്കെത്തിയപ്പോഴാണ് വയല്‍ക്കിളികള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണിമുഴക്കി ഉദ്യോഗസ്ഥരെ തടഞ്ഞത്. സംഭവത്തില്‍ സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 48 വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്കെതിരേയും ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ നോബിള്‍ പൈകടക്കെതിരെയും കേസെടുത്തിരുന്നു. നമ്പാടത്ത് ജാനകി, ലാലു പ്രസാദ്, സി. മനോഹരന്‍, വിനായകന്‍, രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കേസ് പരിഗണിക്കുന്നത് തളിപ്പറമ്പ് കോടതി ഏപ്രില്‍ മാസത്തേക്ക് മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."