കവിയൂര്‍ കേസ്: അഛന് പീഡിപ്പിച്ചതിന് തെളിവില്ല- നിലപാട് മാറ്റി സി.ബി.ഐ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയ കവിയൂര്‍ കേസില്‍ നിലപാട് മാറ്റി സി.ബി.ഐ. കുട്ടിയെ പീഡിപ്പിച്ചത് അഛനാണെന്നതിന് തെളിവില്ലെന്നാണ് സി.ബി.ഐ ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ ദിവസം സി.ബി.ഐ സമര്‍പ്പിച്ച 23 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്. പെണ്‍കുട്ടി ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ട്. പീഢിപ്പിച്ചത് അഛനാണെന്നത് സംശയം മാത്രമാണ്. ഉറപ്പിച്ചു പറയാന്‍ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുവട്ടം അഛന് പീഢിപ്പിച്ചു എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.
വി.ഐ.പികള്‍ പീഡിപ്പിച്ചെന്ന ക്രൈം നന്ദകുമാറിന്റെ ആരോപണത്തിനും തളിവില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലതാനായരുടെ ഭീഷണിയാണ് കുടുംബത്തിന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സി.ബി.ഐ പറയുന്നത്.
കേസില്‍ സി.ബി.ഐയുടെ നാലാമത്തെ റിപ്പോര്‍ട്ടാണിത്. ആദ്യത്തെ മൂന്ന് റിപ്പോര്‍ട്ടുകള്‍ കോടതി തള്ളിക്കളഞ്ഞിരുന്നു. കവിയൂര്‍ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് സി.ബി.ഐ സംഘം നേരത്തേ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഡിസംബര്‍ 17നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടത്.
2004 സെപ്റ്റംബര്‍ 28നാണ് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. നാരാണയന് നമ്പൂതിരി തൂങ്ങിമരിച്ച നിലയിലും ഭാര്യ ശോഭനയും മൂന്ന് മക്കളും വിഷംകഴിച്ച് മരിച്ചനിലയിലുമായിരുന്നു. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി. നാരായണന് നമ്പൂതിരിയുടെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടില്‍ നാരായണന് നമ്പൂതിരി ആത്മഹത്യയ്ക്ക് മുന്‍പ് മകളെ പലതവണ പീഡിപ്പിച്ചതായും ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതി മൂന്നുതവണ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."