'സ്‌കോള്‍ കേരള' വഴി സര്‍ക്കാര്‍ കൊള്ള ; പ്ലസ് വണ്‍ സീറ്റ് വര്‍ധന കടലാസില്‍
മലപ്പുറം: സംസ്ഥാനത്ത് ഓപണ്‍ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ മറവില്‍ കനത്ത സാമ്പത്തിക ചൂഷണം. നിലവിലുള്ള പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളിലെ പ്രവേശന നടപടികള്‍ പോലും പൂര്‍ത്തിയാകാതെ ആരംഭിച്ച സ്‌കോള്‍ കേരള (ഓപണ്‍ സ്‌കൂള്‍) പ്രവേശനത്തിലൂടെയാണു ലക്ഷക്കണക്കിനു രൂപ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നത്.
നിലവിലുള്ള സീറ്റുകള്‍ക്കുപുറമെ മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പത്തുശതമാനം സീറ്റ് കൂട്ടിയിരുന്നു. പ്ലസ് വണ്‍ സീറ്റ് ക്ഷാമമുള്ള ഒന്‍പതു ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലായിരുന്നു സീറ്റ് കൂട്ടാന്‍ പദ്ധതിയിട്ടിരുന്നത്. ഏകജാലക പ്രവൃത്തിയുടെ ആദ്യഘട്ടത്തില്‍ 20 ശതമാനം സീറ്റ് കൂട്ടിയിരുന്നു.
ക്ലാസ്മുറികളും ലാബ് സൗകര്യങ്ങളും നിലവിലുള്ള വിദ്യാര്‍ഥികള്‍ക്കു തന്നെ മതിയാകാത്ത പൊതുവിദ്യാലയങ്ങളില്‍ 30 ശതമാനം അധികം കുട്ടികളെ ഉള്‍ക്കൊള്ളിക്കാനാകില്ലെന്നു കാണിച്ചു പ്രധാനാധ്യാപകരും പി.ടി.എ കമ്മിറ്റികളും രംഗത്തുവന്നതോടെയാണ് സീറ്റ് വര്‍ധന സംബന്ധിച്ചു തുടര്‍നിര്‍ദേശങ്ങള്‍ ഇറക്കാന്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിനു കഴിയാതെ പോയത്. സീറ്റ് വര്‍ധനവു സംബന്ധിച്ച തുടര്‍ തീരുമാനം വൈകിപ്പിച്ചാല്‍ മെറിറ്റ് സീറ്റിലെ അപേക്ഷകരുടെ എണ്ണം കുറയും. ഇതുവഴി പുതുതായി ആരംഭിച്ച സ്‌കോള്‍ കേരളയ്ക്ക് ലക്ഷങ്ങളുടെ അധിക വരുമാനമാണു ലഭിക്കുക. വേണ്ടത്ര അപേക്ഷകരില്ലെന്നു പറഞ്ഞ് മലബാര്‍ ജില്ലകളില്‍ ഉള്‍പ്പെടെ സീറ്റ് വര്‍ധന ഒഴിവാക്കാമെന്നും ഇതിലൂടെ വകുപ്പ് കണക്കുകൂട്ടുന്നു.
സാധാരണഗതിയില്‍ മെറിറ്റ് സീറ്റുകളിലെ പ്രവേശന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായ ശേഷമേ പിഴയില്ലാതെ ഓപണ്‍ സ്‌കൂള്‍ അപേക്ഷ സ്വീകരിക്കുന്നതു നിര്‍ത്തിയിരുന്നുള്ളൂ. പ്ലസ് വണ്‍ സീറ്റ് കൂട്ടിയതില്‍ തുടര്‍ തീരുമാനം കാത്ത് ഓപണ്‍ സ്‌കൂളില്‍ പ്രവേശനം നേടാത്ത കുട്ടികള്‍ അന്‍പതുരൂപ വീതം പിഴയടച്ചാണ് ഇപ്പോള്‍ പ്രവേശനം നേടുന്നത്. സംസ്ഥാനത്ത് ആകെ ഇതുവരെ 50,000ത്തോളം പേര്‍ ഇത്തരത്തില്‍ പ്രവേശനം നേടിയെന്നാണു വിവരം.
പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സീറ്റില്‍ അവസരം കിട്ടിയാല്‍ സ്‌കോള്‍ കേരള പണം തിരികെ നല്‍കില്ല. അപേക്ഷാ സമയത്ത് നല്‍കുന്ന രേഖകള്‍ അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തെ കാര്യാലയത്തിലേക്ക് അയക്കുന്നതിനാല്‍ ടി.സി ഉള്‍പ്പെടെയുള്ള രേഖകള്‍ തിരിച്ചുകിട്ടാന്‍ ദിവസങ്ങളുമെടുക്കും.
നിലവില്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകിരച്ച് രണ്ടുദിവസം മാത്രമാണ് പ്ലസ് വണ്‍ പ്രവേശനത്തിനു നല്‍കുന്നത്. രേഖകള്‍ തിരിച്ചുകിട്ടാത്ത വിദ്യാര്‍ഥികള്‍ക്ക് മെറിറ്റില്‍ സീറ്റ് കിട്ടിയാല്‍ തന്നെ കൃത്യസമയത്ത് പ്രവേശനം നേടാനാകില്ലെന്നര്‍ഥം. സ്‌കോള്‍ കേരള പ്രവേശനത്തിന് 50 രൂപ ഫൈന്‍ അടച്ച് അപേക്ഷിക്കാനുള്ള അവസാന തിയതി 16 ആണ്. അതിനുശേഷം അപേക്ഷിക്കുന്നവര്‍ 250 രൂപയാണ് അധിക പിഴ നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."