കണ്ണൂര്‍ മെഡി. കോളജ് മുന്‍ ചെയര്‍മാനെ അറസ്റ്റ് ചെയ്യാനായി പൊലിസ് റെയ്ഡ്
കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മെഡിക്കല്‍ കോളജ് മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍ ഹാജിയുടെ പഴയങ്ങാടി ബീവി റോഡിലുള്ള ഭാര്യവീട്ടില്‍ പൊലിസ് റെയ്ഡു നടത്തി. അബ്ദുല്‍ ജബ്ബാര്‍ ഹാജിയെയും ഡയറക്ടര്‍മാരായ ഭാര്യയെയും മരുമക്കളെയും അറസ്റ്റു ചെയ്യാനാണ് പരിശോധന നടത്തിയതെന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു.
2016-2017 വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ഒന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് 180 വിദ്യാര്‍ഥികള്‍ പെരുവഴിയിലായിരുന്നു. ഇതില്‍ നീറ്റ് പരീക്ഷ എഴുതി മറ്റു സ്ഥാപനങ്ങളില്‍ ചേരാന്‍ അര്‍ഹത ലഭിച്ച 18 വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റും രേഖകളും മാനേജ്‌മെന്റ് തിരിച്ചുനല്‍കിയില്ല. ഇതേതുടര്‍ന്ന് ഇവര്‍ക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.
വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും ഡിവൈ.എസ്.പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. വിശ്വാസവഞ്ചനയടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ജബ്ബാര്‍ ഹാജിയുടെയും മറ്റു ഡയറക്ടര്‍മാരുടെയും പേരിലുള്ളത്.സിറ്റി സി.ഐ കെ.വി പ്രമോദന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇന്നലെ രാവിലെ പത്തരയോടെ റെയ്ഡ് ആരംഭിച്ചത്. ഒരുമണിക്കൂറോളം നീണ്ട റെയ്ഡില്‍ ചില രേഖകള്‍ പിടിച്ചെടുത്തതായി പൊലിസ് പറഞ്ഞു. അബ്ദുല്‍ ജബ്ബാര്‍ ഹാജി അടുത്തകാലത്തായി കോളജ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാപിതാവായ എ.കെ മുഹമ്മദ് ഹാജിയാണ് ഇപ്പോഴത്തെ ചെയര്‍മാന്‍. പ്രസ്റ്റീജ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായുള്ളത് അബ്ദുല്‍ ജബ്ബാര്‍ ഹാജിയുടെ ഭാര്യയും മക്കളും മരുമക്കളുമണ്. ഇവര്‍ വിദേശത്താണെന്നും കോളജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ കേസിലെ പ്രതികളാണെന്നും പൊലിസ് അറിയിച്ചു. എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്ത്, വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരി, പഴയങ്ങാടി എസ്.ഐ പി.വി സജീവ്, ചക്കരക്കല്‍ എസ്.ഐ ബിജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."