ജില്ലയില്‍ ആരോഗ്യരംഗം വളര്‍ച്ചയുടെ പാതയില്‍: ഡി.എം.ഒ: പനിയും മറ്റ് രോഗങ്ങളും നിയന്ത്രണ വിധേയം
തൊടുപുഴ: ജില്ലയിലെ ആരോഗ്യരംഗം വളര്‍ച്ചയുടെ വഴിയിലാണെന്ന് ഡി.എം.ഒ ഡോ. ടി.ആര്‍ രേഖ പറഞ്ഞു. ഇടുക്കി ജില്ലയിലേക്ക് വരാന്‍ ഡോക്ടര്‍മാര്‍ മടി കാണിക്കുന്നുണ്ടെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലാത്തതിന്റെ പേരില്‍ രോഗികള്‍ക്ക് ചികിത്സ കിട്ടാതെ പോകുന്ന സാഹചര്യമില്ല.
2012ല്‍ കാഞ്ചിയാറില്‍നിന്ന് ഒരു കോളറ റിപ്പോര്‍ട്ട് ചെയ്ത ശേഷം മറ്റൊരെണ്ണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഡെങ്കിപ്പനിക്ക് പലരും ചികിത്സ തേടിയെങ്കിലും ഒരു മരണം പോലും ഉണ്ടാകാതെ നോക്കാനായി. പനി ഇപ്പോള്‍ നിയന്ത്രണത്തിലുമാണ്. എത്തിച്ചേരാന്‍ ഏറെ ബുദ്ധിമുട്ടുള്ള ആദിവാസി മേഖലയായ ഇടമലക്കുടിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവിടത്തെ ജനങ്ങള്‍ക്ക് പ്രാഥമിക ചികിത്സ ലഭിക്കാനുതകുന്ന ആശുപത്രി പ്രവര്‍ത്തനക്ഷമമാകും.
സ്ഥലം നിരപ്പാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അടിത്തറയ്ക്കാവശ്യമായ പാറ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പ് റവന്യൂ, വനം വകുപ്പുകളുമായി നിരന്തര സമ്പര്‍ക്കത്തിലാണ്.
തൊടുപുഴയിലെ ജില്ലാ ആശുപത്രി രോഗികള്‍ക്ക് മികച്ച സേവനമാണ് നല്‍കുന്നത്. ഇടുക്കിയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ ആശുപത്രിയാണിത്. ഡയാലിസിസ് യൂണിറ്റ്, ലിഫ്റ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. അത് ഉടനെ പരിപഹരിക്കാനാകും. സ്വീവേജ് പ്ലാന്റ് നിര്‍മാണത്തിനുള്ള തുക പി .ജെ .ജോസഫ് എംഎല്‍എയുടെ വികസന ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ജോലി ഉടന്‍ തുടങ്ങും.
ജില്ലയുടെ ആരോഗ്യമേഖലയില്‍ എട്ട് അസിസ്റ്റന്റ് സര്‍ജന്മാരുടെ ഒഴിവാണുള്ളത്. ഇത് ഒന്നിലേക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു.
ട്രാന്‍സ്ഫര്‍ സമയമായതുകൊണ്ടാണ് എട്ട് ഒഴിവുകള്‍ വന്നത്. അവയെല്ലാം വളരെവേഗം നികത്താനാകുമെന്നും ഡിഎംഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."